നിര്‍ഭയ കേസിലെ പ്രതിയുടെ ദയാഹര്‍ജി രാഷ്ട്രപതി തള്ളി
ന്യൂഡൽഹി : നിര്‍ഭയ കൂട്ടബലാത്സംഗ കേസിലെ പ്രതി മുകേഷ് സിംഗിന്റെ ദയാഹര്‍ജി രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. മുകേഷ് സിങ് നൽകിയ ദയാഹർജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാർശ ചെയ്തിരുന്നു. പിന്നാലെയാണ് ദയാഹർജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ നടപടി.
നിർഭയ കേസിലെ പ്രതികളെ 22ന് രാവിലെ ഏഴിന് തൂക്കിലേറ്റണമെന്നായിരുന്നു പട്യാല കോടതി വിധിച്ചത്. എന്നാൽ രാഷ്ട്രപതിക്ക് ദയാഹർജി നൽകാനാണ് മറ്റുള്ള പ്രതികളുടെ തീരുമാനമെങ്കിൽ വധശിക്ഷ നടപ്പിലാക്കുന്നത് വൈകും.ജയിൽ ചട്ടങ്ങൾ പ്രകാരം ദയാഹർജി തള്ളി പതിനാല് ദിവസങ്ങൾക്ക് ശേഷമാണ് വധശിക്ഷയ്ക്കുള്ള നടപടികൾ ആരംഭിക്കേണ്ടത്.
പ്രതികളുടെ മരണ വാറണ്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട് തിഹാര്‍ ജയില്‍ അധികൃതര്‍ ഇന്ന് ദില്ലി പട്യാല ഹൗസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 3.30നാണ് പട്യാല ഹൗസ് കോടതി കേസില്‍ വീണ്ടും വാദം കേള്‍ക്കുക. വധശിക്ഷ എന്ന് നടത്തണമെന്ന കാര്യത്തിൽ കൂടുതൽ വ്യക്തത ഇന്ന് വന്നേക്കും.