News

മാലിന്യം നിറഞ്ഞ് പകർച്ചവ്യാധി ഭീഷണിയിൽ കണ്ണേറ്റുമുക്ക്;കണ്ണടച്ച് തിരുവനന്തപുരം നഗരസഭ

 

തിരുവനന്തപുരം : തിരുവനന്തപുരം നഗരസഭയുടെ തൈക്കാട് ജഗതി വാർഡുകളുടെ അതിർത്തിയിൽ കണ്ണേറ്റുമുക്ക് ജംഗ്ഷനിൽ നാട്ടുകാർക്ക് ഭീഷണിയായി വൻ മാലിന്യക്കൂമ്പാരം. 15 സെന്റ് ഓളം വരുന്ന റോഡ് സൈഡിലുള്ള സ്വകാര്യവ്യക്തിയുടെ ഭൂമിയിൽ ആണ് നാട്ടുകാർക്ക് ഭീഷണിയായി വൻ മാലിന്യക്കൂമ്പാരം രൂപപ്പെട്ടത്. ഹോസ്പിറ്റൽ മാലിന്യങ്ങളും ഹോട്ടൽ മാലിന്യങ്ങളും മാംസാവശിഷ്ടങ്ങളും ഉൾപ്പെടെ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളും ഉണ്ടാക്കി കൊണ്ടിരിക്കുന്ന മാലിന്യക്കൂമ്പാരം ജഗതി കണ്ണേറ്റുമുക്ക് ജംഗ്ഷനിൽ ഗവൺമെന്റ് അംഗീകൃത ഓട്ടോസ്റ്റാന്റിനോട് ചേർന്നാണ്.കേരള പോലീസിന്റെ തിലകക്കുറി ആയ അശ്വാരൂഢ സേനയുടെ ആസ്ഥാനത്തോട് ചേർന്നാണ് 15 സെന്റ് ഓളം നിറഞ്ഞുനിൽക്കുന്ന മാലിന്യകൂമ്പാരം. വിദ്യാഭ്യാസ സ്ഥാപനങ്ങളും ഭക്ഷണശാലകളും വീടുകളും ഒക്കെ തിങ്ങി നിറഞ്ഞു നിൽക്കുന്ന പ്രദേശത്തെ മാലിന്യക്കൂമ്പാരം നാട്ടുകാർക്കും അവരുടെ വളർത്തുമൃഗങ്ങൾക്കും ഭീഷണിയാണ്. എലികളുടെയും പാമ്പുകളുടെയും  തെരുവുനായ്ക്കളുടെയും സങ്കേതമാണ് ഈ മാലിന്യക്കൂമ്പാരം.

രാത്രിയും പകലുമില്ലാതെ ഇവിടെ മാലിന്യം ഉപേക്ഷിക്കാറുണ്ടെന്ന് ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാരും നാട്ടുകാരും പറയുന്നു. ദൂരസ്ഥലങ്ങളിൽ നിന്നു വരെ ആൾക്കാർ ലോറിയിൽ കൊണ്ടുവന്ന് ഇവിടെ മാലിന്യങ്ങൾ ഉപേക്ഷിക്കാറുണ്ട്. തലസ്ഥാനം മാലിന്യമുക്തമാക്കാൻ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കിയ തിരുവനന്തപുരം നഗരസഭ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ മാലിന്യക്കൂമ്പാരം കണ്ടില്ലെന്ന് നടിക്കുകയാണ്.

പകർച്ചവ്യാധി ഭീഷണിയും തെരുവുനായ്ക്കളുടെയും ഇഴജന്തുക്കളുടെ ഭീഷണിയും മാത്രമല്ല, ഈ മാലിന്യകൂമ്പാരത്തിലേക്ക് ഒരു തീപ്പൊരി വീണാൽ കത്തിപ്പടരുന്നത് തൊട്ടടുത്തുള്ള അശ്വാരൂഢ സേനയുടെ കുതിരാലയത്തിലേക്കും സമീപത്തുള്ള നിരവധി വീടുകളിലേക്കും അനവധി കടകളിലേക്കുമാണ്. ഈ മാലിന്യകൂമ്പാരത്തെ ഇനിയും കോർപ്പറേഷൻ കണ്ടില്ലെന്നു നടിച്ചാൽ ഒരുപക്ഷേ ഒരു വലിയ ദുരന്തമായിരിക്കും കണ്ണേറ്റുമുക്കിലെ  ജനങ്ങൾക്ക് അനുഭവിക്കേണ്ടിവരിക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button