സിനിമ സെറ്റുകളിൽ മയക്ക് മരുന്ന് വിതരണം ചെയ്യുന്ന ജൂനിയർ ആർടിസ്ററ് ഉൾപ്പെട്ട സംഘം പിടിയിൽ
കൊച്ചി : കളമശ്ശേരിയിൽ മാരക മയക്കുമരുന്നുകളുമായി ആലപ്പുഴ സ്വദേശികൾ ആയ രണ്ട് യുവാക്കളെ എറണാകുളം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. അമ്പലപ്പുഴ തിരുവമ്പാടി കരയിൽ അരയപ്പറമ്പ് വീട്ടിൽ മജീദിന്റെ മകൻ റിൻഷാദ്, ആലപ്പുഴ പുന്നപ്ര താലൂക്കിൽ പുന്നപ്ര വില്ലേജിൽ കുറവൻതോട് കരയിൽ കല്ലൂപ്പാറലിൽ വീട്ടിൽ ഷംസുദീന്റെ മകൻ അൽ അമീൻ എന്നിവരാണ് എക്സൈസ് പിടിയിലായത്. സ്റ്റാമ്പ് രൂപത്തിലുള്ള മയക്ക് മരുന്നുകളും എം.ഡി.എം.എ, ഹാഷിഷ് ഓയിൽ എന്നീ ഗുരുതര മയക്കു മരുന്നുകൾ ഇവരിൽ നിന്നും പിടിച്ചെടുത്തു.
സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റ് ആയി പ്രവർത്തിക്കുന്ന അൽ അമീൻ സിനിമ സെറ്റുകളിൽ മയക്ക് മരുന്ന് വിതരണം നടത്തി വരുന്നതായി അറിയുവാൻ കഴിഞ്ഞു. സിന്തറ്റിക് ഡ്രഗ്സ് വിഭാഗത്തിൽപ്പെടുന്നതും ഗുളിക രൂപത്തിലും ക്രിസ്റ്റൽ രൂപത്തിലും കാണപ്പെടുന്ന എം.ഡി.എം.എ. മറ്റു പല വിളിപ്പേരുകളിലും അറിയപ്പെടുന്നു. നിലവിൽ കിട്ടാവുന്നതിൽ വച്ചു ഏറ്റവും വീര്യം ഏറിയതും ഹാനികരം ആയതുമായ ലഹരിവസ്തുക്കൾ ആണ് പിടിച്ചെടുത്തത്, ഇവയുടെ കൂടിയ അളവിലുള്ള ഉപയോഗം മരണത്തിന് വരെ കാരണം ആയേക്കാം.

നിശാപാർട്ടികളിൽ പങ്കെടുക്കുന്നവരാണ് ഇവ കൂടുതലായി ഉപയോഗിക്കുന്നത്. കൂടുതൽനേരം ലഹരി നിൽക്കുന്നതു കാരണം സംഗീതമേളകളിലും നൃത്തപരിപാടികളിലും ഈ ലഹരിമരുന്നുകൾ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.ആകെ 10 ലഹരി മരുന്ന് സ്റ്റാമ്പുകൾ, 3.5 ഗ്രാം എം.ഡി.എം.എ, 8 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ആണ് അവരിൽ നിന്നും പിടികൂടിയത്. ഈ അളവിൽ ലഹരിവസ്തുക്കൾ കൈവശം വയ്ക്കുന്നത് 20 വർഷം വരെ കഠിന തടവ് കിട്ടുന്ന കുറ്റം ആണ്.

പ്രതികളെ കളമശ്ശേരി മജിസ്ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. എറണാകുളം ഡെപ്യൂട്ടി എക്സ്സ് കമ്മീഷണർ ശ്രീ.രഞ്ജിത്ത്.എ.എസ്ന്റെ നിയന്ത്രണത്തിലുള്ള നാർകോടിക് ടോപ്പ് സീക്രട് ഗ്രൂപ്പ് അംഗങ്ങൾ ആയ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെകർ ബി.എൽ ഷിബു എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ് പ്രിവന്റീവ് ഓഫിസർ ജോർജ് ജോസഫ്,സിജിപോൾ, അഭിലാഷ് .സിവിൽ എക്സൈസ് ഒഫീസർ മാരായ എൻ സിഥാർത്ഥ കുമാർ, അനീഷ് കെ ജോസഫ്, റൂബൻ, എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത് .
