News
എഎസ്ഐയെ വെടിവെച്ച് കൊന്ന പ്രതികളെ കസ്റ്റഡിയില്‍ വിട്ടു
തിരുവനന്തപുരം: എ എസ് ഐ യെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ 7 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. നാഗര്‍കോവില്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ഉത്തരവിട്ടത്. മുഖ്യപ്രതികളായ അബ്ദുല്‍ ഷമീം, തൌഫീക്ക് എന്നിവരെയാണ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. ഈ മാസം 31 ന് പ്രതികളെ ഹാജരാക്കണമെന്നും കോടതി തമിഴ്‌നാട് പോലീസിന് നിര്‍ദേശം നല്‍കി.
കേസില്‍ തീവ്രവാദ ബന്ധം ഉള്‍പ്പെടെ സംശയിക്കുന്നതിനാല്‍ ചോദ്യം ചെയ്യലിനും തെളിവ് ശേഖരണത്തിനുമായി 28 ദിവസം വരെ പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. പ്രതികളെ കസ്റ്റഡിയില്‍ വിട്ടാല്‍ ജീവന് ഭീഷണിയുണ്ടന്നും യു.എ.പി.എ ചുമത്താന്‍ തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. ഇതോടെയാണ് വിധി പറയുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയത്.