News
വേമ്പനാട്ടു കായലിൽ ഹൗസ് ബോട്ട് കത്തിനശിച്ചു;യാത്രക്കാർ കായലിൽ ചാടി രക്ഷപ്പെട്ടു
ആലപ്പുഴ: വേമ്പനാട് കായലില്‍ പാതിരാമണല്‍ ദ്വീപിന് സമീപം സവാരി സഞ്ചാരികളുമായി യാത്ര ചെയ്തുകൊണ്ടിരുന്ന ഹൗസ് ബോട്ടിന് തീപ്പിടിച്ചു. ഹൗസ് ബോട്ടിലുണ്ടായിരുന്ന വിനോദസഞ്ചാരികൾ കായലില്‍ ചാടി രക്ഷപെട്ടു. കുട്ടികളുള്‍പ്പടെയുള്ള 16 യാത്രക്കാരെ മറ്റു ബോട്ടുകളിലെത്തിയ ജീവനക്കാര്‍ എത്തി രക്ഷപ്പെടുത്തുകയായിരുന്നു.
ഇന്ന് ഉച്ചക്ക് 1.15ഓടെയായിരുന്നു അപകടം. വേമ്പനാട്ടു കായലിലേക്ക് കുമരകത്തു നിന്നും പോയ ഓഷ്യാനസ് എന്ന ഹൗസ് ബോട്ടാണ് ഉച്ചയോടെ കായലിൽ കത്തിയത്. കണ്ണൂരില്‍ നിന്നും വിനോദസഞ്ചാകളായെത്തിയ മൂന്ന് കുട്ടികളും 10 മുതിര്‍ന്നവരും ഹൗസ്‌ബോട്ട് ജീവനക്കാരും ഉള്‍പ്പെടെ 16 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
അഗ്‌നിബാധ ഉണ്ടായ ഉടനെ അണക്കാന്‍ ജീവനക്കാര്‍ ശ്രമിച്ചെങ്കിലും കഴിയാതായതോടെയാണ് ബോട്ട് പാതിരാമണല്‍ ദ്വീപിന്റെ തീരത്തേക്ക് ഓടിച്ച് കയറ്റിയത്. ആഴം കുറഞ്ഞ ഭാഗമായതിനാല്‍ കായലിലേക്ക് ചാടിയ യാത്രക്കാര്‍ക്ക് കായലില്‍ നില്‍ക്കാന്‍ കഴിഞ്ഞു. തുടര്‍ന്നെത്തിയ ചെറുബോട്ടുകളില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
ഇലക്ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ടണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം അമ്പത് ലക്ഷത്തിലധികം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.സംഭവത്തില്‍ കുമരകം പൊലീസ് അന്വേഷണം ആരംഭിച്ചു.