Politics
ഹൈക്കമാൻഡ് വെട്ടി 130, 45 ആയി;പുതിയ പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ ഭാരവാഹി പട്ടിക ഇന്നു പ്രഖ്യാപിച്ചേക്കും. പുതിയ കെപിസിസി അധ്യക്ഷൻ ചുമതലയേറ്റ് ഒന്നരവർഷത്തോളം കഴിഞ്ഞാണ് കെപിസിസി ഭാരവാഹി പട്ടിക പുറത്തു വരുന്നത്. ഗ്രൂപ്പുകളുടെ പ്രാതിനിധ്യത്തെ ചൊല്ലിയുള്ള തർക്കങ്ങളാണ് ഭാരവാഹി പട്ടികയെ അനിശ്ചിതത്വത്തിൽ ആക്കിയത്.
20 പാർലമെന്റ് മണ്ഡലം മാത്രമുള്ള കേരളത്തിൽ, ആറു വർക്കിങ് പ്രസിഡന്റ്മാർ അടക്കം 130 ഓളം വരുന്ന ഭാരവാഹി ലിസ്റ്റ് ആണ് കേരളം ഹൈക്കമാൻഡിന് സമർപ്പിച്ചത്. ഇത്രയധികം ഭാരവാഹികൾ ഉള്ള ജംബോ ലിസ്റ്റ് കോൺഗ്രസിന്റെ ഇടക്കാല പ്രസിഡന്റ് സോണിയഗാന്ധി അംഗീകരിച്ചില്ല. തുടർന്ന് വീണ്ടും നടന്ന മാരത്തോൺ ചർച്ചകളിൽ 130 ഉള്ളത് 45 ആയി വെട്ടിച്ചുരുക്കി എന്നാണ് അറിയാൻ കഴിയുന്നത്. ഒരാൾക്ക് ഒരു പദവി എന്ന നയം കർശനമായി നടപ്പാക്കാൻ ഹൈക്കമാൻഡ് നിർദേശിച്ചതിനെ തുടർന്നാണ് ഭാരവാഹി പട്ടിക വെട്ടിച്ചുരുക്കി കേരള നേതാക്കൾ കേന്ദ്രനേതൃത്വത്തിന് വീണ്ടും സമർപ്പിച്ചിരിക്കുന്നത്.
എംപിമാരെയും എംഎൽഎമാരെയും ഉൾപ്പെടുത്തിയാണ്, ആറ് വർക്കിംഗ് പ്രസിഡണ്ടുമാരും 13 വൈസ് പ്രസിഡണ്ട് മാരും അമ്പതിൽപരം ചെന്ന് സെക്രട്ടറിമാരും അടങ്ങുന്ന ജംബോ പട്ടിക കേരളം ഹൈക്കമാൻഡിന് സമർപ്പിച്ചത്. ജാതി മത പ്രാതിനിധ്യങ്ങൾക്കു പുറമേ ഗ്രൂപ്പ് അടിസ്ഥാനത്തിൽ ഉള്ള പ്രാതിനിധ്യം കൂടി വന്നപ്പോഴാണ് പട്ടിക ജംബോ ആയത്.
എ-ഐ ഗ്രൂപ്പുകളിൽ നിന്നും കടുത്ത സമ്മർദ്ദമുണ്ടായിട്ടും ജംബോ കമ്മിറ്റി വേണ്ടെന്ന കർശന നിലപാടിൽ അവസാന നിമിഷം വരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഉറച്ചു നിന്നതും കേരള പോലൊരു ചെറിയ സംസ്ഥാനത്തിന് ആറ് വർക്കിംഗ് പ്രസിഡന്റുമാർ അടക്കം ഇത്ര വലിയ ഭാരവാഹി പട്ടിക എന്തിനാണെന്ന സോണിയ ഗാന്ധിയുടെ വിമർശനവും ഭാരവാഹികളുടെ എണ്ണം കുറയാൻ കാരണമായി.