News
കൂടത്തായി കൊലപാതക പരമ്പര:ആല്ഫൈന് കൊലപാതകത്തിലെ കുറ്റപത്രം ഇന്ന് സമർപ്പിക്കും
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാമത്തെ കുറ്റപത്രം ഇന്ന് താമരശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും. ആല്ഫൈന് കൊലപാതകത്തിലെ കുറ്റപത്രമാണ് ഇന്ന് സമർപ്പിക്കുന്നത്. ഒന്നാം പ്രതി ജോളി, ബ്രെഡില്‍ സയനൈഡ് പുരട്ടി നല്കി ആല്‍ഫൈനെ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ജോളിയുടെ സുഹൃത്ത് മാത്യു, സയനൈഡ് എത്തിച്ച് നല്കിയ സ്വര്ണ്ണപ്പണിക്കാരന് പ്രജുകുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.സയനൈഡ് ഉള്ളില്‍ ചെന്ന് ആല്ഫൈന് മരിച്ച ദിവസം പുലിക്കയത്തെ വീട്ടിലുണ്ടായിരുന്ന സിലിയുടെ ബന്ധുക്കളും ചികിത്സിച്ച ഡോക്ടറുമടക്കം 110 ലധികം സാക്ഷികളുണ്ട്.
ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിനെ വിവാഹം കഴിക്കുന്നതിന് വേണ്ടി ആസൂത്രിതമായാണ് ജോളി ആല്‍ഫൈനെ കൊലപ്പെടുത്തിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ആല്ഫൈന് ജീവിച്ചിരിക്കുകയാണെങ്കില്‍ ബാധ്യതയാകുമെന്ന് കരുതിയാണ് കൊല. ജോളി ചെറിയ ഡപ്പിയിലാക്കി കരുതിയ സയനൈഡ് തക്കം കിട്ടിയപ്പോള്‍ ബ്രഡില്‍ പുരട്ടി ആല്ഫൈന് നല്‍കാനായി എടുത്തുവച്ചു. ഇതൊന്നുമറിയാതെ ഷാജുവിന്റെ സഹോദരി ആന്‍സി ബ്രഡ് നല്‍കുകയും ചെയ്തുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.