News
വസ്തു പോക്കുവരവ് ചെയ്ത് കിട്ടാൻ കൈക്കൂലി;സ്പെഷ്യൽ വില്ലേജ് ഓഫീസർ അറസ്റ്റിൽ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. കുറിച്ചി സ്പെഷ്യൽ വില്ലേജ് ഓഫീസർ ആലപ്പുഴ ആറാട്ടുപുഴ സ്വദേശി പി.രാജനെയാണ് വിജിലൻസ് കിഴക്കൻ മേഖലാ ഡിവൈ.എസ്.പി. എം.കെ.മനോജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. വസ്തു പോക്കുവരവ് ചെയ്ത് കിട്ടാൻ കൈക്കൂലി വാങ്ങുന്നതിനിടെ ആയിരുന്നു പിടിയിലായത്.
കോട്ടയം പുതുപ്പള്ളി സ്വദേശികളായ സഹോദരങ്ങൾക്ക് വിൽപ്പത്രപ്രകാരം ലഭിച്ച, 12 സെന്റ് വസ്തു ഇരുവരുടെയും പേരിൽകൂട്ടി ലഭിക്കുന്നതിന്
സ്പെഷ്യൽ വില്ലേജ് ഓഫീസറായ പി. രാജനെ സമീപിച്ചു. അപേക്ഷ ശരിയാക്കാനെന്നും പറഞ്ഞ് മുൻകൂറായി 500 രൂപ രാജൻ കൈക്കൂലി വാങ്ങി. തുടർന്ന് രണ്ടായിരം രൂപ കൂടി ആവശ്യപ്പെട്ടതോടെ പരാതിക്കാർ വിജിലൻസ് കിഴക്കൻ മേഖലാ സൂപ്രണ്ട് വി.ജി.വിനോദ്കുമാറിന് പരാതി നൽകുകയായിരുന്നു.
തുടർന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നൽകിയ ഫിനോഫ്തലിൻ പൊടി പുരട്ടിയ 2,000 രൂപ കൊടുത്തുവിട്ടു. വെള്ളിയാഴ്ച വൈകുന്നേരം കുറിച്ചി വില്ലേജ് ഓഫീസിന് സമീപമുള്ള വാടകമുറിയിൽ വെച്ച് പണം വില്ലേജ് ഓഫീസർക്ക് കൈമാറുന്നതിനിടെ വിജിലൻസ് സംഘം പിടികൂടുകയായിരുന്നു.
ഡിവൈ.എസ്.പി. എ.കെ.വിശ്വനാഥൻ, ഇൻസ്പെക്ടർമാരായ റിജോ പി.ജോസഫ്, രാജൻ കെ.അരമന, കെ.സദൻ, എസ്.ഐ.മാരായ പി.എച്ച്.മുഹമ്മദ്, വിൻസെന്റ്, പ്രദീപ് കുമാർ, രാഘവൻകുട്ടി, തോമസ് ജോസഫ്, റെനി മാണി തുടങ്ങിയവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. രാജനെ ശനിയാഴ്ച കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.