Top Stories
സ്വന്തം ജീവൻ കളഞ്ഞ് പുഴയിൽ മുങ്ങിത്താഴ്ന്ന അനുജനെയും കൂട്ടുകാരനെയും രക്ഷിച്ച കുഞ്ഞു ഫിറോസിന് ‘സർവോത്തം ജീവൻ രക്ഷാ പതക്’
കോഴിക്കോട്: സ്വന്തം ജീവൻ കളഞ്ഞ് പുഴയിൽ വീണ് മുങ്ങിത്താഴ്ന്ന അനുജനെയും കൂട്ടുകാരനെയും രക്ഷിച്ച പി കെ ഫിറോസിന് രാജ്യത്തിന്റെ അംഗീകാരം. ഉന്നത ജീവൻരക്ഷാ പുരസ്കാരമായ സർവോത്തം ജീവൻ രക്ഷാ പതക് ആണ് ഫിറോസിന് മരണാനന്തര ബഹുമതിയായി ലഭിച്ചത്.
2018 ജൂലായ് അഞ്ചിനാണ് കണ്ണൂർ ആദികടലായിക്ക് സമീപം കാനാമ്പുഴയിൽ ഫുട്ബോൾ കളിക്കുന്നതിനിടെ ഫിറോസിന്റെ അനുജൻ എട്ടാംക്ലാസുകാരനായ ഫഹദും കൂട്ടുകാരൻ മുഫാസും പുഴയിൽവീണത്. ഇവരെ രക്ഷിക്കാനായി ഫിറോസ് പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. അനുജനെയും കൂട്ടുകാരനെയും രക്ഷിച്ചു കരക്ക് കയറ്റുന്നതിനിടെ ഫിറോസ് ചെളിയിൽ മുങ്ങിത്താഴ്ന്നു.
പുഴയിൽനിന്ന് കണ്ടെത്തുമ്പോൾ അബോധാവസ്ഥയിലായിരുന്ന ഫിറോസിന്റെ ആന്തരികാവയവങ്ങളിൽ ചെളിവെള്ളം കയറിയതിനാൽ ഉടൻതന്നെ വിദഗ്ധ ചികിത്സയ്ക്ക് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ, നാലുദിവസത്തിനുശേഷം ഫിറോസ് മരിക്കുകയായിരുന്നു.