ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് രമേശ് ചെന്നിത്തല
January 29, 2020
0 161 1 minute read
തിരുവനന്തപുരം: ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായി ഗവര്‍ണറെ ഉപയോഗിക്കുകയാണെന്ന് രമേശ് ചെന്നിത്തല. ലാവലിന്‍ കേസില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായിക്ക് സാധിക്കില്ലന്നും ചെന്നിത്തല കൂട്ടിച്ചേർത്തു. ഗവർണറുടെ കാൽ പിടിക്കേണ്ട ഗതികേട് മുഖ്യമന്ത്രിക്കുണ്ടായി. കേരളത്തെ അപമാനിച്ച ഗവർണർക്കെതിരെ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി മൗനം പാലിക്കുന്നു.മുഖ്യമന്ത്രി പിണറായി വിജയന്റേത് ഇരട്ടത്താപ്പാണ്. സർക്കാറും ഗവർണറും തമ്മിലുള്ള അന്തർധാര സജീവമാണെന്ന് വ്യക്തമായി, ചങ്ങല പിടിച്ചതെല്ലം മുഖ്യമന്ത്രിയുടെ നാടകമാണെന്ന് തെളിഞ്ഞു. മുഖ്യമന്ത്രിയുടെ ഇരട്ടത്താപ്പ് നയം ജനങ്ങൾക്ക് ബോധ്യമായെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭയിൽ ബജറ്റ് സമ്മേളത്തിന് തുടക്കം കുറിച്ച് കൊണ്ടുള്ള ഗവർണറുടെ നയപ്രഖ്യാപനം ബഹിഷ്ക്കരിച്ച് നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം തുടരുന്നതിനിടയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗവർണർ ആർഎസ്എസിന്റെയും അമിത്ഷായുടെയും ഏജന്റാണെന്നും, കേരളത്തിലെ നിയമസഭയേയും ജനങ്ങളേയും അപമാനിച്ച ഗവര്‍ണര്‍ക്കെതിരെ പ്രതികരിക്കേണ്ടതുണ്ടന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഗവർണർക്കെതിരെയുള്ള പ്രതിപക്ഷത്തിന്റെ പ്രമേയം പിന്തുണയ്ക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ഗവർണറെ തിരിച്ചു വിളിക്കണമെന്ന നിലപാടിൽ പ്രതിപക്ഷം ഉറച്ചു നിൽക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
‘കഴിഞ്ഞ അഞ്ച് വര്‍ഷം ഇവിടെ ഒരു ഗവര്‍ണറുണ്ടായിരുന്നു. ജസ്റ്റിസ് പിഎസ് സദാശിവം. മാതൃകപരമായ പെരുമാറ്റമാകട്ടെ, മാന്യതയാവട്ടെ ഒരു ചീത്തപ്പേരും കേള്‍പ്പിക്കാതെയാണ് അദ്ദേഹം തന്റെ കാലാവധി പൂര്‍ത്തിയാക്കിയത്. അദേഹം ഗവര്‍ണറായിരുന്ന കാലത്ത് ഒരു രീതിയിലുള്ള പ്രതിഷേധവും ഞങ്ങള്‍ക്ക് അദ്ദേഹത്തിന് നേരെ സംഘടിക്കേണ്ടി വന്നിട്ടില്ല. ആരിഫ് മുഹമ്മദ് ഖാൻ ജസ്റ്റിസ് പി സദാശിവത്തെ മാതൃകയാക്കണമെന്നും’ ചെന്നിത്തല പറഞ്ഞു.
പ്രതിഷേധത്തിനിടെ വാച്ച് ആൻഡ് വാർഡ് പ്രതിപക്ഷാംഗങ്ങളെ ക്രൂരമായി മർദിച്ചതായും ചെന്നിത്തല ആരോപിച്ചു. സഭയിലേക്ക് വാച്ച് ആന്റ് വാർഡിനെ വിളിക്കേണ്ടെന്ന രീതി സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തെറ്റിച്ചു. വാച്ച് ആൻഡ് വാർഡ് ഡയസുകൾ അക്രമിക്കുകയും എംഎൽഎമാരെ ക്രൂരമായി മർദിക്കുകയായിരുന്നു.