കൊറോണ:വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി;ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ല
January 31, 2020
0 190 1 minute read
ത്യശൂർ: കൊറോണ വൈറസ് ബാധിച്ച് തൃശൂർ ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള വിദ്യാർഥിനിയെ തൃശൂർ മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിരിക്കുന്ന ഐസൊലേഷൻ വാർഡിലേക്ക് മാറ്റി. ചികിത്സയ്ക്ക് കൂടുതൽ സൗകര്യങ്ങൾ കണക്കിലെടുത്താണ് വിദ്യാർഥിനിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. മെഡിക്കൽ ബോർഡിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. വെള്ളിയാഴ്ച അർധരാത്രി വരെ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ തൃശൂരിൽ പ്രത്യേക യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് കുട്ടിയെ ജനറൽ ആശുപത്രിയിൽനിന്ന് മാറ്റാനുള്ള തീരുമാനം വന്നത്.
കുട്ടിയുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടാനില്ലെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വിപുലമായ ഐസൊലേഷൻ വാർഡാണ് മെഡിക്കൽ കോളേജിൽ സജ്ജീകരിച്ചിട്ടുള്ളത്. അഞ്ച് ഡോക്ടർമാരടക്കം 30 ആരോഗ്യവകുപ്പ് ജീവനക്കാരാണ് ഐസൊലേഷൻ വാർഡിലുള്ളത്. ആവശ്യത്തിന് മരുന്നുകളും ലഭ്യമാക്കിയിട്ടുണ്ട്. 20 മുറികളാണ് ഈ ഐസൊലേഷൻ വാർഡിൽ ഒരുക്കിയിട്ടുള്ളത്. ആവശ്യമെങ്കിൽ കൂടുതൽ രോഗികളെ കിടത്താനുള്ള സ്ഥലങ്ങളും അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
കൊറോണ സ്ഥിരീകരിച്ച വിദ്യാർഥിനിക്ക് പുറമേ നിലവിൽ ഒമ്പത് പേർ തൃശൂരിൽ നിരീക്ഷണത്തിലുണ്ട്. വീടുകളിലും ആശുപത്രികളിലുമായി ആകെ 1053 പേരാണ് ഇതുവരെ സംസ്ഥാനത്തുടനീളം ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലുള്ളത്.
വൈറസ് സ്ഥിരീകരിച്ചയാളുമായി സമ്പർക്കമുള്ളവരുടെ പട്ടിക തയ്യാറാക്കി നിരന്തരം നിരീക്ഷിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. രോഗിയുമായി അടുത്തിടപഴകിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെടണം. ചൈനയിൽനിന്ന് മടങ്ങിയെത്തിയവർ ഏതെങ്കിലും ആരോഗ്യകേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം. ഇനിയും ഇക്കാര്യം റിപ്പോർട്ടു ചെയ്യാത്തവരെ കണ്ടെത്തി സ്ഥിതി വിലയിരുത്തുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു.
സ്വകാര്യ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്യുന്ന ഒരുരോഗിയെയും തിരിച്ചയക്കാൻ പാടില്ലന്നും രോഗിയെ നടപടിക്രമങ്ങൾ പാലിച്ച് പരിശോധിക്കുകയും സാമ്പിളെടുത്ത് വൈറോളജി ലാബിൽ അയക്കുകയും വേണമെന്നും മന്ത്രി അറിയിച്ചു. വിദഗ്ധരുടെ ഉപദേശത്തോടെ ചികിത്സ തുടങ്ങണം. നിലവിൽ കൊറോണ വൈറസിന് ചികിത്സ ലഭ്യമല്ല. അതിനാൽത്തന്നെ ആയുർവേദ, ഹോമിയോമരുന്നുകൾ ഫലപ്രദമെന്ന പ്രചാരണങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെ ഭീതിജനകമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മന്ത്രി ആവർത്തിച്ചു.