Top Stories
കൊറോണ:തിരുവനന്തപുരത്തും ആലപ്പുഴയിലും 6 പേർ വീതം നിരീക്ഷണത്തിൽ
തിരുവനന്തപുരം: ചൈനയിൽ നിന്നെത്തിയ ആറുപേർ തിരുവനന്തപുരത്ത് നിരീക്ഷണത്തിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാലുപേരും ജനറൽ ആശുപത്രിയിൽ രണ്ടുപേരുമാണ് നിരീക്ഷണത്തിലുള്ളത്. ഐസൊലേഷൻ വാർഡുകളിൽ പ്രവേശിപ്പിച്ചിരിക്കുന്ന ഇവരുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇവരുടെ രക്ത സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച് തൃശൂരിൽ ചികിത്സയിലുള്ള വിദ്യാർത്ഥിനിക്കൊപ്പം ചൈനയിൽ നിന്ന് വിമാനത്തിൽ നാട്ടിലെത്തിയ, ആലപ്പുഴ ജില്ലക്കാരായ നാല് മെഡിക്കൽ വിദ്യാർത്ഥികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിലൊരാളുടെ രക്ഷാകർത്താക്കളെ ആലപ്പുഴ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. ഇന്നലെ വൈകിട്ടോടെയാണ് എല്ലാവരെയും ആശുപത്രികളിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. തൃശൂരിലെ വിദ്യാർത്ഥിനിയുടെ സഹപാഠികളാണ് നാലുപേരും. ഇവരുടെ എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ളോക്കിലെ ഒരു നില പൂർണമായും ഐസൊലേഷൻ വാർഡാക്കി മാറ്റി. താഴത്തെ നിലയിലെ മുറിയിലാണ് മെഡിക്കൽ കോളേജിലുളള നാലുപേരെയും നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ജനറൽ ആശുപത്രിയിലെ പത്താംവാർഡാണ് കൊറോണ ഐസൊലേഷൻ വാർഡാക്കി മാറ്റിയിരിക്കുന്നത്. ചൈനയിൽ നിന്നെത്തിയ രണ്ട് യുവാക്കളാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരിൽ ഒരാളുടെ രക്ത പരിശോധനാഫലം ഇന്ന് ലഭിക്കും.