നാളെ തൂക്കില്ല;നിർഭയ കേസ് പ്രതികളുടെ വധശിക്ഷക്ക് സ്റ്റേ
ന്യൂഡൽഹി: നിർഭയ കേസിലെ പ്രതികളുടെ വധശിക്ഷ നാളെ നടപ്പാക്കില്ല. പ്രതികളെ ഫെബ്രുവരി ഒന്നിന് തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തു. വിധി നടപ്പിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് കോടതിയുടെ നിർണായകമായ ഉത്തരവ്.
നിർഭയ കേസിലെ നാല് പ്രതികളുടെ വധശിക്ഷ നടപ്പിലാക്കുന്നത് ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചിരിക്കുന്നു എന്നായിരുന്നു കോടതി ഉത്തരവ്. ജസ്റ്റിസ് ധർമേന്ദർ ആണ് തുറന്ന കോടതിയിൽ വിധി വായിച്ചത്.
ഫെബ്രുവരി 1 ന് നടത്താൻ നിശ്ചയിച്ചിരുന്ന വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതികളായ അക്ഷയ് കുമാർ വിനയ് ശർമ എന്നിവരാണ് ഹർജി നൽകിയത്. തങ്ങളുടെ ദയാഹർജിയിൽ രാഷ്ട്രപതി ഇതുവരെയും തീരുമാനമെടുത്തില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇരുവരും ഹർജി സമർപ്പിച്ചത്.പ്രതികളുടെ ഹർജിയിൽ പട്യാല ഹൗസ് കോടതി ഇന്ന് രാവിലെ വിശദമായ വാദം കേട്ടിരുന്നു.
ദയാഹർജിയിൽ രാഷ്ട്രപതി തീരുമാനമെടുത്തില്ലന്നും തിരുത്തൽ ഹർജി തള്ളിയതിന് ശേഷം 14 ദിവസത്തിന് ശേഷം മാത്രമേ വിധി നടപ്പിലാക്കാവൂ എന്ന ജയിൽച്ചട്ടം ലംഘിച്ചുവെന്നും പ്രതികൾക്ക് വേണ്ടി അഭിഭാഷകൻ കോടതിയിൽ വാദിച്ചിരുന്നു.