News
നടിയെ ആക്രമിച്ച കേസ്:പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മുഴുവൻ പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച കോടതി പരിസരത്തുവെച്ചാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ പ്രതികൾ ഉപയോഗിച്ച എസ്.യു.വി. മുഖ്യ സാക്ഷി തിരിച്ചറിഞ്ഞത്.
ഇരയുടെ സ്വകാര്യത സൂക്ഷിക്കാൻ അടച്ചിട്ട കോടതിമുറിയിലാണ് വനിതാ ജഡ്ജി ഹണി എം. വർഗീസ് സാക്ഷിവിസ്താരം നടത്തുന്നത്. നടൻ ദീലിപും മുഖ്യപ്രതി പൾസർ സുനിയുമുൾപ്പെടെ എല്ലാ പ്രതികളും കോടതിയിൽ ഹാജരായി. ആക്രമിക്കപ്പെട്ട നടിയെ വെള്ളിയാഴ്ചയും വിസ്തരിച്ചു. ഏപ്രിൽ ഏഴുവരെയാണ് ആദ്യഘട്ട വിചാരണ. ആറുമാസത്തിനകം വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ എ. സുരേശനും പ്രതിഭാഗത്തിനുവേണ്ടി മൊത്തം 26 അഭിഭാഷകരും ഹാജരായി. വിചാരണ നടപടികൾ തിങ്കളാഴ്ചയും തുടരും.