ഭാര്യയുടെ തലയറുത്തെടുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി
ബാരാബങ്കി : ഭാര്യയുടെ തലയറുത്ത് യുവാവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഉത്തർപ്രദേശിലെ ബരാബങ്കിയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ബരാബങ്കി സ്വദേശി അഖിലേഷ് റാവത്താണ് (30) കുടുംബവഴക്കിനെ തുടർന്ന് ഭാര്യ രജനി (25)യെ തലയറുത്ത് കൊലപ്പെടുത്തിയത്.
വീട്ടിലെ വഴക്കാണ് അഖിലേഷ് റാവത്തിനെ കൊലപാതകത്തിലേക്ക് നയിച്ചത്. ശനിയാഴ്ച ഉച്ചയ്ക്ക് അഖിലേഷും ഭാര്യയും തമ്മിൽ കുടുംബവഴക്കിലേർപ്പെട്ടിരുന്നതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു. തുടർന്ന് മദ്യലഹരിയിലായിരുന്ന അഖിലേഷ് യുവതിയെ മുറ്റത്തേക്ക് വലിച്ചിഴച്ച് മർദിക്കുകയും മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് തല അറുത്തെടുക്കുകയു മായിരുന്നു. ശേഷം അറുത്തെടുത്ത തലയുമായി അര കിലോമീറ്ററോളം അകലെയുള്ള പോലീസ് സ്റ്റേഷനിലേക്ക് അഖിലേഷ് നടന്നുപോവുകയായിരുന്നു.
പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് ദേശീയ ഗാനം ആലപിക്കുകയും ‘ഭാരത് മാതാ കി ജയ്’ എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.പൊലീസും യുവാവും തമ്മിലുണ്ടായ ചെറിയ മല്പിടുത്തത്തിനു ശേഷം യുവാവിന്റെ കയ്യിൽ നിന്ന് അറുത്ത തല പൊലീസ് പിടിച്ചെടുത്തു. അഖിലേഷിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.