ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റ് തള്ളി
വാഷിങ്ടൺ: യു.എസിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം സെനറ്റ് തള്ളി. ട്രംപിനെതിരേ ജനപ്രതിനിധിസഭ ചുമത്തിയ അധികാരദുർവിനിയോഗം, കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തി എന്നീ കുറ്റങ്ങളിൽ നിന്നുമാണ് വോട്ടെടുപ്പിലൂടെ സെനറ്റ് ട്രംപിനെ കുറ്റവിമുക്തനാക്കിയത്. പ്രസിഡന്റ് സ്ഥാനാർഥി ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താൻ യുക്രൈനുമേൽ സമ്മർദം ചെലുത്തിയെന്ന കേസിന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്മെന്റ് നടപടി തുടങ്ങിയത്.
അധികാര ദുർവിനിയോഗം കുറ്റത്തിൽ നിന്ന് 48-നെതിരെ 52 വോട്ടുകൾക്കും കോൺഗ്രസിന്റെ പ്രവർത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തിൽ നിന്ന് 47-നെതിരെ 53 വോട്ടുകൾക്കുമാണ് ട്രംപ് കുറ്റവിമുക്തനായത്. 100 അംഗ സെനറ്റിൽ 67 പേരുടെ ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ട്രംപിനെ പുറത്താക്കാനാവൂ. എന്നാൽ, റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ട്രംപിനുനേരെയുള്ള പ്രമേയം പാസാക്കിയെടുക്കൽ എളുപ്പമായിരുന്നില്ല. ഡെമോക്രാറ്റിക് പാർട്ടിക്ക് 47 അംഗങ്ങൾ മാത്രമാണ് സെനറ്റിലുള്ളത്. യു.എസിന്റെ ചരിത്രത്തിൽ സെനറ്റിൽ ഇംപീച്ച്മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്.