News
അയ്യപ്പപ്പന്റെ തിരുവാഭരണങ്ങള്‍ പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലാണ് ഇത് സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടില്ല:ക്ഷത്രിയ ക്ഷേമസഭ
കോട്ടയം: അയ്യപ്പന് ചാര്‍ത്തുന്ന തിരുവാഭരണങ്ങള്‍ നൂറ്റാണ്ടുകളായി പന്തളം കൊട്ടാരത്തിന്റെ ഉടമസ്ഥതയിലാണ്. ഇത് സര്‍ക്കാരിന് സമര്പ്പിച്ചിട്ടില്ലന്ന് ക്ഷത്രിയ ക്ഷേമസഭ. തിരുവാഭരണവുമായി ബന്ധപ്പെട്ട് തര്‍ക്കത്തിന്റെ ആവശ്യമില്ലെന്നും തിരുവാഭരണമല്ല, തങ്കയങ്കിയാണ് ഭഗവാന് സമര്‍പ്പിച്ചതെന്നും ചിത്തിര തിരുനാള്‍ മഹാരാജാവാണ് തങ്കയങ്കി ഭഗവാന് സമര്‍പ്പിച്ചതെന്നും ക്ഷത്രിയ ക്ഷേമസഭ പറഞ്ഞു.
പന്തളം കൊട്ടാരം മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യുമ്പോള്‍ അണിയിക്കാന്‍ പണിയിച്ചതാണ് തിരുവാഭരണം. പന്തളത്തിലെ സാമ്പ്രിക്കല്‍ കൊട്ടാരത്തിലാണ് ഇത് സൂക്ഷിച്ചിരിക്കുന്നത്. സുരക്ഷിതത്വം കണക്കിലെടുത്ത് മാത്രമാണ് തിരുവാഭരണ ഘോഷയാത്ര ദേവസ്വത്തിന്റെ നേതൃത്വത്തിലാക്കിയത്. സുപ്രീംകോടതിയുടെ പരാമര്‍ശത്തിന്റെ പേരില്‍ ദേവസ്വം ബോര്‍ഡ് പാഴ്കിനാവ് കാണുകയാണെന്നും ക്ഷത്രിയ ക്ഷേമസഭ പറഞ്ഞു.
അതേസമയം തിരുവാഭരണം എവിടെയും സമര്‍പ്പിച്ചിട്ടില്ലെന്നും സമര്‍പ്പിച്ചുവെന്ന് ചിലര്‍ സുപ്രീംകോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ്മ പറഞ്ഞു. നൂറ്റാണ്ടുകളായി നടക്കുന്ന ആചാരമാണ് ഇപ്പോഴും നടക്കുന്നത്. മറ്റെവിടെയെങ്കിലും സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ സര്‍ക്കാരിന്റെ പക്കല്‍ രേഖകള്‍ ഉണ്ടാകുമായിരുന്നു. സമര്‍പ്പിച്ച തിരുവാഭരണം തിരിച്ചെടുക്കാന്‍ ആവില്ലെന്ന് കോടതി പറഞ്ഞിരുന്നെന്നും ശശികുമാരവര്‍മ്മ വ്യക്തമാക്കി.