News
വിവാഹവാർഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു
ചെന്നൈ: വിവാഹവാർഷികത്തിന് കടലിലിറങ്ങി മോതിരം മാറുന്നതിനിടെ തിരയിൽപ്പെട്ട് യുവതി മരിച്ചു. വെല്ലൂർ സ്വദേശി വിഗ്നേഷിന്റെ ഭാര്യ വേണി ഷൈലയാണ് (27) മരിച്ചത്. ഭർത്താവ് വിഗ്നേഷ് കരയിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.
ചെന്നൈ പാലവാക്കം ബീച്ചിൽ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം.വിവാഹ വാർഷികം ആഘോഷിക്കാൻ ചെന്നൈയിൽ എത്തിയതായിരുന്നു യുവതിയും ഭർത്താവും സുഹൃത്തുക്കളും. അർദ്ധ രാത്രിയോടെ സുഹൃത്തുക്കളുമായി പാലാവക്കം ബീച്ചിലെത്തിയ ദമ്പതികൾ പോലീസിന്റെ നിർദ്ദേശമവഗണിച്ച് മോതിരം മാറാനായി കടലിലി ഇറങ്ങുകയായിരുന്നു.
വെള്ളത്തിൽനിന്ന് മോതിരം മാറുന്നതിന്റെ ദൃശ്യങ്ങൾ പകർത്താൻ ബന്ധുക്കളും സുഹൃത്തുക്കളും ക്യാമറയുമായി തീരത്ത് നിന്നു. ഇതിനിടയിലാണ് അപ്രതീക്ഷിതമായിവന്ന വലിയ തിരയിൽപ്പെട്ട് വേണി വെള്ളത്തിലേക്ക് വീണത്. വിഗ്നേഷ് കരയിലേക്ക് ഓടിക്കയറിയെങ്കിലും വേണിയെ കാണാതായി.
പോലീസെത്തി മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കടലിൽ തിരച്ചിൽ നടത്തി. എന്നാൽ, വേണിയെ കണ്ടെത്താനായില്ല. പുലർച്ചയോടെ യുവതിയുടെ മൃതദേഹം സമീപത്തുള്ള കൊട്ടിവാക്കം ബീച്ചിൽ തീരത്തടിഞ്ഞു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം വെല്ലൂരിലേക്ക് കൊണ്ടുപോയി. സംഭവത്തിൽ നീലാങ്കര പോലീസ് കേസ് രജിസ്റ്റർചെയ്തു. വെല്ലൂർ സി.എം.സി. ആശുപത്രിയിൽ നഴ്സായിരുന്നു മരിച്ച വേണി ഷൈല. ഇവർക്ക് ഒരുവയസ്സുള്ള ആൺകുട്ടിയുണ്ട്.