Top Stories
അനധികൃത അവധി:10 ഡോക്ടർമാരെ പിരിച്ചുവിട്ട് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ 10 സർക്കാർ ഡോക്ടർമാരെ പിരിച്ചുവിട്ടു. അനധികൃതമായി നീണ്ട അവധിയെടുത്ത ഗവൺമെന്റ് മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെയാണ് സംസ്ഥാന ആരോഗ്യവകുപ്പ് പിരിച്ചുവിട്ടുകൊണ്ട് ഉത്തരവിറക്കിയത്.
ഗൈനക്കോളജി വിഭാഗം അസി പ്രൊഫസര്‍ ഡോ പി. രജനി, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ. രാജേഷ് ബേബി പാണിക്കുളം, ജനറല്‍ മെഡിസിന്‍ വിഭാഗം അസി പ്രൊഫസര്‍ ഡോ. എ.വി. രവീന്ദ്രന്‍, പീഡിയാട്രിക് വിഭാഗം അസി. പ്രൊഫസര്‍ ഡോ. പി. മായ, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സിന്ധു ആന്‍ കോര, ഒബ്സ്റ്റസ്ട്രിക്‌സ് & ഗൈനക്കോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. വി.ബി. ബിന്ദു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. റോണി ജെ. മാത്യു, ജനറല്‍ സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. സുനില്‍ സുന്ദരം, യൂറോളജി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ജോണ്‍ കുര്യന്‍, കാര്‍ഡിയോ വാസ്‌കുലര്‍ & തൊറാസിക് സര്‍ജറി വിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അരുണ്‍ തങ്കപ്പന്‍ എന്നിവരേയാണ് സര്‍വീസില്‍ നിന്നും നീക്കം ചെയ്തുകൊണ്ട് സർക്കാർ ഉത്തരവിറക്കിയത്.
അനധികൃതമായി അവധിയിൽ പ്രവേശിച്ചതിനെത്തുടർന്ന്, തിരികെ ജോലിയിൽ പ്രവേശിക്കാനുള്ള അവസരങ്ങളും കാരണം കാണിക്കൽ നോട്ടീസുകളും ഡോക്ടറന്മാർക്ക് നൽകിയിരുന്നു. എന്നിട്ടും ചില ഡോക്ടര്‍മാര്‍ സര്‍വീസില്‍ പ്രവേശിക്കാന്‍ തയ്യാറായില്ല. ചില ഡോക്ടര്‍മാരാകട്ടെ ജോലിയില്‍ പ്രവേശിച്ചതിന് ശേഷം വിട്ട് നില്‍ക്കുകയും വിട്ടുനിന്നു. അങ്ങനെയുള്ളവരെയാണ് ഇപ്പോൾ പിരിച്ചുവിട്ടിരിക്കുന്നതെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ വ്യക്തമാക്കി. ഡോക്ടര്‍മാരുടെ ജോലിയില്‍ നിന്നുള്ള അനധികൃതമായ വിട്ടു നില്‍ക്കല്‍ മെഡിക്കല്‍ കോളേജുകളുടേയും അനുബന്ധ ആശുപത്രികളുടേയും പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും, ഇത്തരം പ്രവണത മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ ഒരു കാരണവശാലും അനുവദിക്കില്ലന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി.