തെങ്കാശിയിൽ വാഹനാപകടത്തിൽ 2 മലയാളികൾ അടക്കം 3 പേർ മരിച്ചു
കൊല്ലം: തെങ്കാശിയിൽ നടന്ന വാഹനാപകടത്തിൽ 2 മലയാളികൾ അടക്കം 3 പേർ മരിച്ചു. കൊല്ലം മണ്ണൂർ സ്വദേശി സിൻജു കെ നൈനാൻ, കല്ലുവാതുക്കൽ സ്വദേശി ജിജു തോമസ്, തമിഴ്നാട് സ്വദേശി രാജശേഖരൻ എന്നിവരാണ് മരിച്ചത്. വേളാങ്കണ്ണി ദർശനം കഴിഞ്ഞ മടങ്ങിയ കൊല്ലം സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്.
തിങ്കളാഴ്ച പുലര്‍ച്ചെ തെങ്കാശിക്ക് സമീപം വാസവനെല്ലൂരിലാണ് അപകടമുണ്ടായത്. വേളാങ്കണ്ണി യാത്ര കഴിഞ്ഞു തിരിച്ചു വന്നുകൊണ്ടിരുന്ന കൊല്ലം സ്വദേശികൾ സഞ്ചരിച്ചിരുന്ന കാർ വഴി മധ്യേ കേടായിരുന്നു. കേടായ കാര്‍ റിക്കവറി വാഹനമുപയോഗിച്ച് മാറ്റാൻ ശ്രമിക്കുന്നതിനിടെ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കാറുൾപ്പെടെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ബസിനടിയില്‍പ്പെട്ട മൂന്ന് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. മൃതദേഹങ്ങൾ പുളിയംകുടി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബസ് ഡ്രൈവർ തെങ്കാശി സ്വദേശി ജയപ്രകാശിനെ പൊലീസ് അറസ്റ്റ് ചെയ്തു.