News
സംഗീതനിശയുടെ പേരിൽ തട്ടിപ്പ്:സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ സംഘടിപ്പിച്ച കരുണ സംഗീത നിശയുടെ പേരിൽ സംഘാടകർ തട്ടിപ്പ് നടത്തിയെന്ന യുവമോർച്ചാ നേതാവ് സന്ദീപ് വാര്യരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ വിജയ് സാഖറെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. എറണാകുളം ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ബിജി ജോർജിനാണ് അന്വേഷണ ചുമതല. നിലവിൽ പ്രാഥമിക അന്വേഷണമാണ് നടത്തുക. തട്ടിപ്പ് നടന്നുവെന്ന് തെളിഞ്ഞാൽ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തും.
2019 നവംബർ ഒന്നിനാണ് കൊച്ചിയിൽ കരുണ എന്ന പേരിൽ സംഗീതനിശ സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാൻ എന്ന പേരിൽ നടത്തിയ സംഗീതനിശയിൽ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടി ജില്ലാ കളക്ടർക്കാണ് സന്ദീപ് വാര്യർ പരാതി നൽകിയിരുന്നത്. തുടർന്ന് കളക്ടർ ഈ പരാതി പോലീസിന് കൈമാറുകയായിരുന്നു.