Top Stories
മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് ഭീഷണിയുടെ സ്വരം – ജി.സുകുമാരൻ നായർ
ചങ്ങനാശ്ശേരി:> കാലത്തിനനുസരിച്ച് സ്വയം നവീകരിക്കാത്തവർ അസാധുവാകും എന്നുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന എൻഎസ്എസിനെ ഉദ്ദേശിച്ചാണെങ്കിൽ,തികഞ്ഞ അവഗണനയോടെ തള്ളിക്കളയുന്നുവെന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മുഖ്യമന്ത്രിയുടെ പരാമർശം ദുരുദ്ദേശപരമാ ണെന്ന് ആരെങ്കിലും കരുതിയാൽ തെറ്റ് പറയാനാകില്ല.
‘ ഞങ്ങൾ മാത്രമാണ് നവോത്ഥാനത്തിന്റെ പ്രവാചകർ, ഞങ്ങൾ പറയുന്ന വഴിയെ വന്നോണം, അല്ലാത്തവരെ അപ്രസക്തമാക്കും.’ എന്ന ഭീഷണിയും അതിന്റെ പിന്നിലില്ലേ എന്നു സംശയിക്കുന്നു. ശബരിമല വിഷയത്തോടെയാണ് സർക്കാർ നവോത്ഥാനം ഉയർത്തിപ്പിടിച്ച് തുടങ്ങിയത്. അതിനുശേഷമാണ് ഇതുവരെ ഇല്ലാത്തതരത്തിൽ സവർണ്ണ, അവർണ്ണ ചേരിതിരിവും മുന്നാക്ക പിന്നാക്ക വിഭാഗീയതയും ജാതിതിരിവും ഉണ്ടായത്. ഇതെല്ലാം രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടിയാ ണെന്ന് ആർക്കാണ് അറിഞ്ഞുകൂടാത്തത്?
നവോത്ഥാന മൂല്യങ്ങളിൽ അടിയുറ ച്ച് സമുദായ പുരോഗതിയിലൂടെ സമൂഹത്തിന്റെയും നാടിന്റെയും നന്മയ്ക്കുവേണ്ടി സത്യസന്ധമായി പ്രവർത്തിക്കുന്ന സംഘടനകൾക്കെതിരെ മുഖ്യമന്ത്രി ഉപദേശരൂപേണ ഇത്ര വില കുറഞ്ഞ രീതിയിൽ പ്രതികരിച്ചത് അവിവേകമാ ണെന്ന് പറയേണ്ടി വരുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.