കളക്ടര്‍ പളളി ഏറ്റെടുത്ത് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്ന് ചൂണ്ടിക്കാട്ടി സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: കോതമംഗലം പളളി ജില്ലാ കളക്ടര്‍ ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജില്ലാ കളക്ടര്‍ പളളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് സുപ്രീംകോടതി ഉത്തരവിലില്ലെന്നാണ് സർക്കാർ വാദം.
കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഉത്തരവ് നടപ്പാക്കാത്തതുമായി ബന്ധപ്പെട്ട് എറണാകുളം ജില്ലാ കളക്ടറെ വിളിച്ചുവരുത്തി സിംഗിൾ ബെഞ്ച് ഇന്നലെ ശാസിച്ചിരുന്നു. ഉത്തരവ് നടപ്പാക്കിയില്ലെങ്കിൽ കളക്ടറെ ജയിലിൽ അടച്ച് കോടതിക്ക് മറ്റ് മാർഗങ്ങൾ തേടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി. പള്ളി ഏറ്റെടുക്കണമെന്ന വിധി പുറപ്പെടുവിച്ച തന്നെ ജീവനോടെ കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ പറഞ്ഞു.
വിധി നടപ്പാക്കാൻ കാലതാമസം ഉണ്ടാകുന്നതിനെതിരെ ഓർത്തഡോക്സ് വിഭാഗം നൽകിയ കോടതിയലക്ഷ്യ കേസിൽ ആയിരുന്നു കോടതി ജില്ലാ കളക്ടറെ രൂക്ഷമായി ശാസിച്ചത്. കോതമംഗലം പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറാൻ സ്വീകരിച്ച നടപടി നേരിട്ടെത്തി വിശദീകരിക്കാൻ ജില്ലാ കളക്ടർ സുഹാസിന് ഹൈക്കോടതി നിർദേശം നൽകിയിരുന്നു.
ഇന്നലെ സിംഗിൾ ബെഞ്ച് ഹർജി പരിഗണിച്ചപ്പോൾ കളക്ടർ ഹാജരായിരുന്നില്ല. ഇതോടെയാണ് അഞ്ച് മിനിറ്റിനകം കളക്ടർ ഹാജരാകണമെന്നും ഹാജരായില്ലെങ്കിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കേണ്ടി വരുമെന്നും ജസ്റ്റിസ് പി ബി സുരേഷ് കുമാർ മുന്നറിയിപ്പ് നൽകിയത്. കോടതി വിമര്‍ശനത്തിന് പിന്നാലെ ജില്ലാ കളക്ടർ നേരിട്ടെത്തി.
തുടർന്ന് ഡയസിനടുത്തേക്ക് വിളിച്ച് കോടതിയുത്തരവിന്റെ ഗൗരവം അറിയില്ലേയെന്ന് ചോദിച്ചു. ഉത്തരവ് നടപ്പാക്കാൻ നിങ്ങൾ ബാധ്യസ്ഥനാണന്നും കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥർ ഉത്തരവ് നടപ്പാക്കിയില്ലങ്കിൽ കളക്ടറെ ജയിലിൽ അടയ്ക്കുകയോ അല്ലെങ്കിൽ വിധി നടപ്പാക്കാൻ മറ്റ് മാർഗങ്ങൾ തേടേണ്ടി വരികയോ ചെയ്യേണ്ടി വരുമെന്ന മുന്നറിയിപ്പും നൽകി. തുടർന്ന് കോടതി ഉത്തരവ് നടപ്പാക്കാൻ സമയം ആവശ്യപ്പെട്ട കളക്ടറോട് അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.