Top Stories
ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലേക്ക്;നിരോധനാജ്ഞയിൽ പത്തുമണിക്കൂർ ഇളവ് അനുവദിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ ജനജീവിതം സാധാരണ നിലയിലേക്ക്. കഴിഞ്ഞ 3 ദിവസമായി ഡൽഹിയിൽ പുതിയ അക്രമ സംഭവങ്ങളൊന്നുംതന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വടക്ക് കിഴക്കൻ ഡൽഹിയിൽ പ്രഖ്യാപിച്ചിരിക്കുന്ന നിരോധനാജ്ഞയിൽ വെള്ളിയാഴ്ച പത്തുമണിക്കൂർ ഇളവ് അനുവദിച്ചു. ഗതാഗതം സാധാരണ നിലയിലേക്ക് എത്തിയിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിച്ച് തുടങ്ങി. പോലീസിന്റെയും അർധസൈനിക വിഭാഗങ്ങളുടെയും കർശന നിരീക്ഷണത്തിലാണ് കലാപമുണ്ടായ മേഖലകൾ.
514 പേരെ നിലവിൽ പോലീസ് കലാപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വരും ദിവസങ്ങളിൽ കൂടുതൽ പേർ പിടിയിലാകുമെന്നും പോലീസ് പറയുന്നു. കലാപവുമായി ബന്ധപ്പെട്ട ചിത്രങ്ങളോ വീഡിയോകളോ കൈവശമുള്ളവർ അവ കൈമാറണമെന്ന് ഡൽഹി പോലീസ് ജനങ്ങളോട് അഭ്യർഥിച്ചിട്ടുണ്ട്. വിവരങ്ങൾ അറിയിക്കാൻ രണ്ട് ടോൾ ഫ്രീ നമ്പറുകളും പോലീസ് സജ്ജമാക്കിയിട്ടുണ്ട്. 8750871221, 8750871227 എന്നിവയാണ് നമ്പറുകൾ.
അതേസമയം വടക്ക് കിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ മരിച്ചവരുടെ എണ്ണം 42 ആയി. സംഭവത്തിൽ ആകെ പരിക്കേറ്റവരുടെ എണ്ണം 200 ആയെന്നും റിപ്പോർട്ടുകൾ ഉണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അക്രമങ്ങളിൽ പരിക്കേറ്റ് ഹോസ്പിറ്റലുകളിൽ കഴിഞ്ഞിരുന്നവരാണ് മരിച്ചവർ.