News
കഞ്ചാവ് വിതരണ സംഘത്തിലെ പ്രധാന കണ്ണി എക്സൈസ് പിടിയിൽ
കണ്ണൂർ : കഞ്ചാവ് മൊത്തമായി വിലക്കെടുത്ത് യുവാക്കൾക്കിടയിൽ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. തൂത്തുക്കുടി ഇന്ദിരാനഗറിൽ രാമരാജ് മകൻ മുത്തുകുമാറിനെയാണ് എക്സൈസ് സംഘം പിടികൂടിയത്. ഇയാൾ കഴിഞ്ഞ കുറെ നാളുകളായി പാപ്പിനിശ്ശേരി എക്സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.
പാപ്പിനിശ്ശേരി റെയിൽവെ ഓവർ ബ്രിഡ്ജിന് സമീപമുള്ള എം.എം ഹോസ്പിറ്റലിന് സമീപം വെച്ച് വില്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന രണ്ടര കിലോ കഞ്ചാവുമായാണ് മുത്തുകുമാറിനെ എക്സൈസ് സംഘം പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസികമായി പിടികൂടുകയുമായിരുന്നു.
പാപ്പിനിശ്ശേരി എക്സൈസ് ഇൻസ്പെക്ടർ എ.ഹേമന്ത് കുമാറിന്റെ നേതൃത്വത്തിൽ
പ്രിവൻറീവ് ഓഫീസർ കെ.സി.ഷിബു,പ്രിവന്റീവ് ഓഫീസർ ഗ്രേഡ് അഭിലാഷ്.സി, സിവിൽ എക്സൈസ് ഓഫീസർമാരായ നിഷാദ്. വി, വിനോദ് കുമാർ.എം.സി. എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.