Top Stories
ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണെന്ന് മുത്തച്ഛൻ
കൊല്ലം: ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുത്തച്ഛൻ മോഹനൻ പിള്ളയും അമ്മയും. ദേവനന്ദയെ തട്ടിക്കൊണ്ടുപോയതാണ്. ദേവനന്ദ ഒരിക്കൽ പോലും ആറ്റിൻകരയിൽ പോയിട്ടില്ല. കുട്ടിയ്ക്ക് പരിചയമില്ലാത്ത വഴിയാണത് അതിനാൽ തന്നെ കുട്ടിയെ ആരോ തട്ടിക്കൊണ്ടു പോയതാണെന്ന് മുത്തച്ഛനും അമ്മയും പറയുന്നു.
അമ്മയുടേയോ അമ്മൂമ്മയുടെയോ മുത്തച്ഛന്റേയും അനുവാദമില്ലാതെ അയൽ വീടുകളിൽ പോലും പോകാത്ത കുട്ടിയാണ് ദേവനന്ദ. പരിചയമില്ലാത്ത വഴിയിലൂടെ ഇത്രയും ദൂരം കുട്ടി ഒരിക്കലും പോകില്ല. ആറിന്റെ മറുകരയുള്ള ക്ഷേത്രത്തിൽ കുട്ടി മുൻപ് പോയിട്ടുള്ളത് വേറെ വഴിയിലൂടെയാണ്. കാണാതാകുന്ന സമയത്ത് കുഞ്ഞ് അമ്മയുടെ ഷാൾ ധരിച്ചിരുന്നില്ല. അമ്മയോ മുത്തശ്ശിയോ കൂടെയില്ലാതെ മുറ്റത്തുനിന്ന് പോലും പുറത്തേക്ക് കുട്ടി പോകാറില്ലെന്നും മുത്തച്ഛൻ മോഹനൻ പിള്ള പറഞ്ഞു.
വ്യാഴാഴ്ച രാവിലെ 10 മണിയോട് കൂടിയാണ് കൊല്ലം ഇളവൂരിലെ ഏഴ് വയസ്സുകാരി ദേവനന്ദയെ കാണാതാകുന്നത്. വെള്ളിയാഴ്ച രാവിലെ 7.30 ന് ആയിരുന്നു കുട്ടിയുടെ മൃതദേഹം ഇത്തിക്കര ആറിൽ നിന്നും കിട്ടുന്നത്. വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിവരെ പുഴയുൾപ്പെടെയുള്ള സ്ഥലങ്ങളിൽ മുങ്ങൽ വിദഗ്ധർ ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ നടത്തിയിരുന്നു. അപ്പോഴൊന്നും കണ്ടെത്താത്ത മൃതദേഹം രാവിലെ 7.30 ന് ആറിൽ കണ്ടെത്തിയതിൽ നാട്ടുകാർ ദുരൂഹത ആരോപിച്ചിരുന്നു.
കുട്ടി എന്തിനാണ് ആറിന്റെ അടുക്കലേക്ക് വന്നത് ? അതും ആറിന്റെ തീരത്ത് പോയി ശീലമില്ലാത്ത, ആറിലേക്കുള്ള വഴിപോലും പരിചയമില്ലാത്ത അമ്മയുടെ അനുവാദമില്ലാതെ പുറത്തിറങ്ങാത്ത ദേവനന്ദയെപ്പോലെ ഒരു കുട്ടി? ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് വരെ ദേവനന്ദയുടെ മരണത്തിൽ ദുരൂഹത നിലനിൽക്കും.