News
അമ്പലക്കുളത്തിൽ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി പോലീസ്
ആലപ്പുഴ : അമ്പലക്കുളത്തിൽ മുങ്ങി താഴ്ന്ന പന്ത്രണ്ടുകാരന് രക്ഷകരായി പോലീസ്. കളർകോട് ക്ഷേത്രക്കുളത്തിൽ കുളിക്കാനെത്തിയ കുതിരപ്പന്തി സ്വദേശിയായ 12 വയസുള്ള മുഹമ്മദ് ഇർഫാനാണ് കാൽ വഴുതി കുളത്തിന്റെ ആഴങ്ങളിലേയ്ക്ക് പതിച്ചത്. ഇതിനിടെ ഇതുവഴി പെട്രോളിങിനെത്തിയ പോലീസ് സംഘം കുളത്തിനടുത്ത് കുട്ടികൾ കരഞ്ഞു നിലവിളിക്കുന്നത് ശ്രദ്ധിച്ചത്. തിരക്കിയപ്പോഴാണ് ഇർഫാൻ കുളത്തിൽ മുങ്ങിത്താഴ്ന്നതായി മനസ്സിലായത്.. ഉടൻതന്നെ യൂണിഫോമിലായിരുന്ന പോലീസുദ്യോഗസ്ഥർ കുളത്തിലേക്ക് ചാടി തിരച്ചിൽ നടത്തുകയും മുഹമ്മദ് ഇർഫാനെ രക്ഷപ്പെടുത്തുകയും ചെയ്തു. അബോധാവസ്ഥയിലായിരുന്ന ഇർഫാനെ ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു അല്പം വൈകിയിരുന്നെങ്കിൽ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന ഇർഫാന് പുതുജൻമം നൽകിയത് പോലീസുകാരുടെ അവസരോചിതവും ധീരവുമാർന്ന പ്രവർത്തനമായിരുന്നു.
സബ് ഇൻസ്പെക്ടർ . എസ്.ദ്വിജേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ആർ.മോഹൻകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ റോബിൻസൺ, ബിനുകുമാർ, മണികണ്ഠൻ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.