Top Stories

ദേവനന്ദ ആറ്റിൽ അകപ്പെട്ടത് വീടിനു സമീപത്തുള്ള കൽപ്പടവിൽ നിന്നാകാം എന്ന് നിഗമനം

കൊല്ലം : ചാത്തന്നൂർ ഇളവൂരിലെ ദേവനന്ദ തടയണയ്ക്ക് സമീപത്തുവെച്ചല്ല ആറ്റില്‍ അകപ്പെട്ടതെന്ന് ഫൊറൻസിക് സംഘത്തിന്‍റെ നിഗമനം. വീടിനു സമീപത്തുള്ള കൽപ്പടവിൽ നിന്നാകാം കുട്ടി ആറ്റിൽ അകപ്പെട്ടതെന്നും സംശയം. അതേസമയം, കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനായി ശിശു മനോരോഗവിദഗ്ധരെ കൊണ്ട് പ്രദേശം പരിശോധിപ്പിക്കാനും പൊലീസ് തീരുമാനിച്ചു.

ദേവനന്ദയുടെ മരണത്തിലെ സംശയം നീക്കാനാണ് പൊലീസിന്‍റെ അഭ്യർത്ഥന പ്രകാരം ഫൊറൻസിക് സംഘം കഴിഞ്ഞ ദിവസം ഇളവൂരിൽ പരിശോധന നടത്തിയത്. വീടിനു 75 മീറ്റർ മാത്രം ദൂരത്തുള്ള കുളക്കടവിൽ വെച്ചാകാം ദേവനന്ദ ആറ്റിൽ അകപ്പെട്ടതെന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ.കെ ശശികലയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധനയിൽ കണ്ടെത്തിയത്.

കുളിക്കടവിൽ മുങ്ങിത്താണ കുട്ടി പുഴയുടെ ആഴമേറിയ ഭാഗത്താകാം എത്തപ്പെടാം. അടിയൊഴുക്കുണ്ടായിരുന്ന പുഴയിലൂടെ മൃതദേഹം ഒഴുകി മാറാം. തടയണയുടെ അടിയിലൂടെ ഒഴുകിയ മൃതദേഹം 300 മീറ്റർ അകലെ പൊങ്ങുകയായിരുന്നുവെന്നാണ് ഫൊറൻസിക് സംഘത്തിന്‍റെ നിഗമനം. കുട്ടിയുടെ വയറ്റിൽ ചെളിയുടെ അംശം കൂടുതലായിരുന്നു. തടയണയ്ക്ക് സമീപത്ത് വെച്ചാണ് കുട്ടി ആറ്റിൽ അകപ്പെട്ടതെങ്കിൽ വയറ്റിലെ ചെളിയുടെ അംശം ഇത്രത്തോളമുണ്ടാകില്ലായിരുന്നെന്നും മൃതദേഹം മറ്റേതെങ്കിലും സ്ഥലത്തെ പൊങ്ങാൻ സാധ്യതയുള്ളെന്നും ഫൊറൻസിക് സംഘം കണ്ടെത്തി.

ഫൊറൻസിക് സംഘത്തിന്‍റെ പരിശോധന ഫലം ഉടൻ അന്വേഷണസംഘത്തിനു കൈമാറും. അതേസമയം, പ്രദേശത്ത് ശിശു മനശാസ്ത്രജ്ഞരെ എത്തിച്ച് പരിശോധിപ്പിച്ച്‌ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താനാണ്  പൊലീസ് തീരുമാനം. ഇതിനായി ഉടൻ അന്വേഷണസംഘം കത്ത് നൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button