Top Stories
ചവറ എം.എൽ.എ എൻ വിജയൻപിള്ള അന്തരിച്ചു
കൊല്ലം : ചവറ എം.എൽ.എ എൻ വിജയൻപിള്ള(70) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അർബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.
1979 മുതൽ 2000 വരെ 21 വർഷം ചവറ പഞ്ചായത്ത് അംഗമായിരുന്നു. 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായി. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ആർ.എസ്.പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി കന്നി അങ്കത്തിൽ നിയമസഭയിലെത്തി.
ആർ.എസ്.പിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്.ബേബി ജോണിന്റെ വിശ്വസ്തനായി ആർഎസ്പിയിലുണ്ടായിരുന്ന വിജയൻപിള്ള ആർഎസ്പിയിലെ ഭിന്നതയെ തുടർന്ന് 2000 കാലത്ത് കോൺഗ്രസിലെത്തി. ശേഷം സിഎംപിയിൽ ചേർന്നു. അന്നത്തെ അരവിന്ദാക്ഷൻ വിഭാഗത്തിനൊപ്പമായിരുന്നു. അരവിന്ദാക്ഷൻ വിഭാഗം സിഎംപി സിപിഎമ്മിൽ ലയിച്ചതോടെ വിജയൻപിള്ളയും സിപിഎമ്മിന്റെ ഭാഗമായി.
ഭാര്യ: സുമ, മക്കൾ:സുജിത്ത്, ശ്രീജിത്ത്, ശ്രീലക്ഷ്മി. മരുമകൻ: ജയകൃഷ്ണൻ.