Top Stories
യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂർ അറസ്റ്റിൽ
മുംബൈ: യെസ് ബാങ്ക് സ്ഥാപകൻ റാണ കപൂറിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഡി.എച്ച്.എഫ്.എല്ലിന് യെസ് ബാങ്ക് വായ്പ നൽകിയ കാലയളവിൽ റാണ കപൂറിന്റെ ഭാര്യയുടെ അക്കൗണ്ടിൽ വലിയതോതിൽ പണമെത്തിയിരുന്നു. 12,500 കോടി രൂപ ഡി.എച്ച്.എഫ്.എൽ. എൺപതോളം വ്യാജ കമ്പനികളിലേക്ക് വകമാറ്റിയതായി നേരത്തേ എൻഫോഴ്സ്മെന്റ് കണ്ടെത്തിയിരുന്നു. യെസ് ബാങ്കിൽനിന്ന് ലഭിച്ച തുകയാണ് ഇത്തരത്തിൽ വകമാറ്റിയതിൽ അധികവും.ഈ ഇടപാടുകൾ സംബന്ധിച്ച് എൻഫോഴ്സ്മെന്റിന് വ്യക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. ഈ കേസിലെ അന്വേഷണത്തിന്റെ ഭാഗമായാണ് റാണയെ അറസ്റ്റ് ചെയ്തിരിയ്ക്കുന്നത്.
ബാങ്കിലെ വായ്പാ ഇടപാടുകളുമായുള്ള സംശയത്തിന്റെ പശ്ചാത്തലത്തിൽ വെള്ളിയാഴ്ച രാത്രി മുതൽ ഡൽഹിയിലും മുംബൈയിലുമായി റാണ കപൂറിന്റെയും മൂന്നു മക്കളുടെയും വസതികളിൽ ഇ.ഡി. പരിശോധന നടത്തി. പരിശോധനയിൽ യെസ് ബാങ്ക് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ ഇ ഡി പിടിച്ചെടുത്തിട്ടുണ്ട്. ഡി.എച്ച്.എഫ്.എലുമായി ക്രമവിരുദ്ധമായി ഇടപാടുകൾ നടത്തിയെന്ന സംശയത്തിൽ കള്ളപ്പണം തടയൽ നിയമപ്രകാരമാണ് നടപടി.