Top Stories

സൗദിയിലേക്ക് പ്രവേശിക്കാൻ ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി

ജിദ്ദ : സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ ഇന്ത്യക്കാരുൾപ്പെടെ എല്ലാവർക്കും ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പുതിയവിസ ഉടമകൾക്കും റീ എൻട്രി വിസയിൽ നാട്ടിലേക്ക് പോയവർക്കും സർട്ടിഫിക്കറ്റ് വേണം. കോവിഡ്-19 പടരുന്ന സാഹചര്യത്തിലാണ് സൗദി ആരോഗ്യ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

കോവിഡ്- 19 പടരുന്നതായി ബോധ്യപ്പെട്ട രാജ്യത്തുനിന്ന് പുതിയ വിസയിലോ, നിലവിലെ വിസയിലോ രാജ്യത്തേക്ക് വരാൻ ആഗ്രഹിക്കുന്നവർ കോവിഡ്- 19 വൈറസ് മുക്തമാണെന്ന് തെളിയിക്കുന്ന ലാബ് ടെസ്റ്റ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സൗദിയിലേക്ക് വരുന്നതിനു 14 ദിവസം മുമ്പ് വൈറസ് സാന്നിധ്യമുള്ള രാജ്യത്ത് തങ്ങിയവർക്കാണ് ഇത് ബാധകമാവുക. ലബോറട്ടറി സർട്ടിഫിക്കറ്റ് ഒറിജിനലാണെന്നും ബോർഡിങിന് മുമ്പുള്ള 24 മണിക്കൂറിനുള്ളിൽ അത് നൽകിയതാണെന്നും വിമാന കമ്പനികൾ ഉറപ്പുവരുത്തണം. സൗദി എംബസി നാഷണൽ സെന്റർ ഫോർ ഡിസീസ് പ്രിവൻഷൻ ആൻഡ് കൺട്രോൾ വിഭാഗം അംഗീകരിച്ച ലബോറട്ടറി സർട്ടിഫിക്കറ്റുകൾമാത്രമേ സ്വീകരിക്കുകയുള്ളൂ.

യു.എ.ഇ, കുവൈത്ത്, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽനിന്ന് ഇനിമുതൽ റോഡ് മാർഗം സൗദി അറേബ്യയിലേക്ക് പ്രവേശിക്കാൻ കഴിയില്ല. യു.എ.ഇ., ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്ക് വരുന്നവർ ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം, റിയാദ് കിങ് ഖാലിദ് വിമാനത്താവളം, ദമാം കിങ് ഫഹദ് വിമാനത്താവളം എന്നിവയിലൂടെ മാത്രമേ വരാവൂ എന്നും സൗദി നിഷ്കർഷിച്ചിട്ടുണ്ട്. ഈ മൂന്ന് രാജ്യങ്ങളിലേക്കും റോഡ് മാർഗമുള്ള ഗതാഗതം കൊമേഴ്സ്യൽ ട്രക്കുകൾക്ക് മാത്രമായിരിക്കും. യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് എന്നീ രാജ്യങ്ങളിൽനിന്ന് സൗദിയിലേക്കുവരുന്ന സ്വദേശികൾക്കും വിദേശികൾക്കും ശനിയാഴ്ച രാത്രി 11.55-ന് പുതിയ നടപടിക്രമങ്ങൾ പ്രാബല്യത്തിൽ വന്നു.

അതേസമയം,  ഇന്ത്യയുൾപ്പെടെ ഏഴ് രാജ്യങ്ങളിൽനിന്നുള്ള വിമാനസർവീസുകൾ ഒരാഴ്ചത്തേക്ക് കുവൈത്ത് നിരോധനമേർപ്പെടുത്തി. വെള്ളിയാഴ്ചരാത്രി ചേർന്ന അടിയന്തര മന്ത്രിസഭായോഗമാണ് കുവൈത്തിൽനിന്നും കുവൈത്തിലേക്കും ഉള്ള ഏഴ് രാജ്യങ്ങളിലെ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. ഇന്ത്യക്ക് പുറമെ ഈജിപ്ത്, ഫിലിപ്പീൻസ്, സിറിയ, ലെബനൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ് വിലക്ക്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button