കൊറോണ:പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന യുവാവ് ചാടിപ്പോയി
പത്തനംതിട്ട: കൊറോണയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ കഴിഞ്ഞിരുന്ന യുവാവ് സ്ഥലംവിട്ടു. തിങ്കളാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണിത്. വെച്ചൂച്ചിറ സ്വദേശിയെയാണ് കാണാതായത്. സംഭവത്തില്‍ പൊലീസ് തിരച്ചില്‍ നടത്തുന്നു.
ആരുടെയും ശ്രദ്ധയിൽപ്പെടാതെ വാതിൽ തുറന്ന് പുറത്തിറങ്ങിയ യുവാവ് കടന്നുകളയുകയായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതിരുന്നതോടെ ആശുപത്രി അധികൃതർ അന്വേഷണം ആരംഭിച്ചു. തുടർന്ന് ഇവർ ജില്ലാ ഭരണകൂടത്തെ വിവരം അറിയിച്ചു. ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലും യുവാവിനെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് ഇയാളുടെ പേരുവിവരങ്ങൾ ജില്ലാ ഭരണകൂടം പോലീസിന് കൈമാറി.
ചില രോഗലക്ഷണങ്ങളുമായാണ് യുവാവിനെ ഏതാനും ദിവസം മുമ്പ് ആശുപത്രിയിൽ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. യുവാവിനെ എത്രയും വേഗം കണ്ടെത്താനും തിരികെയെത്തിക്കാനുമുള്ള ശ്രമത്തിലാണ് അധികൃതർ. യുവാവിന് ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല.