News
ഓഫീസിലിരുന്ന് മദ്യപിച്ചതിന് സസ്പെൻഷനിലായ ക്രൈംബ്രാഞ്ച് എസ് ഐയെ അന്വേഷണം പൂർത്തിയാകുന്നതിന് മുന്നേ തിരിച്ചെടുക്കാൻ നീക്കം
കൊല്ലം : ഡ്യൂട്ടിക്കിടയിൽ ഓഫീസിലിരുന്ന് മദ്യപിച്ചതിന് സസ്പെൻഷനിലായ ക്രൈംബ്രാഞ്ച് എസ് ഐ യെ അന്വേഷണം പൂർത്തിയാകുന്നതിന് മുന്നേ സർവീസിലേക്ക് തിരിച്ചെടുക്കാൻ നീക്കം എന്നാരോപണം. പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന നേതാവ് സലീമിനെയാണ് രാഷ്ട്രീയ സമ്മർദ്ധം മൂലം അന്വേഷണം തീരുന്നതിനു മുന്നേ തിരികെ സർവീസിൽ പ്രവേശിപ്പിക്കാൻ നീക്കം നടക്കുന്നത്. 2020 മെയ് മാസം സർവീസിൽ നിന്ന് വിരമിയ്ക്കാനിരിയ്‌ക്കെയാണ് നടപടി ക്രമങ്ങൾ പൂർത്തിയാകും മുൻപേ എസ് ഐ യെ തിരിച്ചെടുക്കാൻ നീക്കം നടക്കുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥരുടെ ഇടയിൽ നിന്ന് തന്നെ ആരോപണമുയരുന്നത്.
കഴിഞ്ഞ മാർച്ച് മൂന്നാം തീയതി കൊല്ലം റൂറൽ എസ് പി ഹരിശങ്കറിന് കിട്ടിയ വിവരപ്രകാരമാണ് കൊട്ടാരക്കര റൂറൽ ക്രൈംബ്രാഞ്ച് ഓഫീസിൽ മദ്യ ലഹരിയിലായിരുന്ന എസ് ഐ സലീമിനെ കൊട്ടാരക്കര എസ് ഐ രാജീവ് പിടികൂടുന്നത്. തുടർന്ന് താലൂക്കാശുപത്രിയിൽ നടത്തിയ രക്തപരിശോധനയിൽ മദ്യപിച്ചതായി സ്ഥിതീകരിയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് റൂറൽ എസ് പി ഹരിശങ്കറിന്റെ റിപ്പോർട്ടിൽ സലീമിനെ സസ്‌പെന്റ് ചെയ്യുകയായിരുന്നു.