Top Stories

കർഷകർക്ക് 6000രൂപ, വനിതകൾക്ക് 1500രൂപ;ആശ്വാസവുമായി കേന്ദ്രം

Photo credit @ani
ഡൽഹി : കോറോണയെ നേരിടാൻ 1.70 ലക്ഷം കോടിയുടെ ആശ്വാസ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച്‌ കേന്ദ്രസർക്കാർ. ധനമന്ത്രി നിർമ്മലാ സീതാരാമനാണ് സകല മേഖലകളെയും ഉൾപ്പെടുത്തിയുള്ള സമഗ്ര ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. 
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന പ്രകാരമാണ്  പാക്കേജ് പ്രഖ്യാപിച്ചത്.

കർഷകർക്കും, സ്ത്രീകൾക്കും, മുതിർന്ന പൗരന്മാർക്കും നേരിട്ടുള്ള സാമ്പത്തിക സഹായവും,  ആശാ വർക്കറന്മാർ, ശുചീകരണ തൊഴിലാളികൾ മുതൽ ഡോക്ടറന്മാർ വരെയുള്ള കൊറോണ പ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷയും ധനമന്ത്രി പ്രഖ്യാപിച്ചു.  

രാജ്യത്ത് ആരും പട്ടിണി കിടക്കരുതെന്ന് പറഞ്ഞുകൊണ്ട് മൂന്നു മാസത്തേക്കുള്ള അധിക സൗജന്യ റേഷനും, പാവപ്പെട്ട കുടുംബങ്ങൾക്ക് സൗജന്യ ഗ്യാസ് സിലിണ്ടറും ധനമന്ത്രി പ്രഖ്യാപിച്ചു. 

ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ 

  • 80 കോടി പാവങ്ങൾക്ക് അഞ്ച് കിലോ അരി അല്ലെങ്കിൽ ഗോതമ്പ് സൗജന്യമായി നൽകും.നിലവിൽ നൽകുന്ന അഞ്ച് കിലോയ്ക്ക് പുറമെയായിരിക്കുമിത്. അഞ്ച് കിലോ അരിയോ ഗോതമ്പോ ഏതാണ് ആവശ്യമെങ്കിൽ അത് തിരഞ്ഞെടുക്കാം.  അടുത്ത മൂന്നു മാസത്തേക്കാകും ഇത് ലഭിക്കുക. ഒരു കിലോ പയർ വർഗവും മൂന്നുമാസം സൗജന്യമായി നൽകും. ഒന്നിച്ചോ രണ്ട് തവണയായോ ഇത് വാങ്ങാവുന്നതാണ്.
  • 3 കോടി മുതിർന്ന പൗരൻമാർക്കും വിധവകൾക്കും ഭിന്നശേഷിക്കാർക്കും 2000 രൂപ വീതം നൽകും.
  • ജൻധൻ അക്കൌണ്ടുള്ള 20 കോടി വനിതകൾക്ക് 1500 രൂപ നേരിട്ട് അക്കൗണ്ടിൽ നല്കും. മൂന്നു മാസമായാണ് നൽകുക.
  • 8.69 കോടി കർഷകർക്ക് പ്രധാനമന്ത്രി കിസാൻ യോജന പ്രകാരം വർഷം 6000 രൂപ നൽകുന്നതിൽ ആദ്യ ഇൻസ്റ്റാൾമെന്റായ 2000 രൂപ ഉടൻ നല്കും. ഏപ്രിൽ ആദ്യവാരം ഇവർക്കം രൂപ ബാങ്ക് അക്കൗണ്ടിലൂടെ നേരിട്ട് കൈമാറുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
  • ഉജ്ജ്വല പദ്ധതിയിലുള്ള ബിപിഎൽ പരിധിയിൽ പെട്ട 8 കോടി ആളുകൾക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലിണ്ടർ.
  • തൊഴിലുറപ്പ് പദ്ധതിയിലുള്ളവർക്ക് 2000 രൂപ മാസം വരുമാനം കൂടുതൽ നല്കും. ഇവരുടെ പ്രതിദിന വരുമാനം 182-ൽ നിന്ന് 202 ആക്കി കൂട്ടിയാണ് ഈ വരുമാനവർദ്ധന നടപ്പാക്കുന്നത്.
  • വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ. 63 ലക്ഷം സ്വയം സഹായ സംഘങ്ങളിലൂടെ 7 കോടി പേർക്ക്  പ്രയോജനം കിട്ടും.
  • 100 ജീവനക്കാർ വരെയുള്ള കമ്പനികളിലെ മൂന്നു മാസത്തേക്ക് ഇപിഎഫ് വിഹിതം സർക്കാർ നൽകും. ഈ കമ്പനികളിലെ 90 ശതമാനം പേർ 15000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്നവരാകണം.  ഇവർക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിൻവലിക്കാം. ഇത് തിരിച്ചടയ്ക്കേണ്ടതില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button