Top Stories
പത്രവിതരണം അവശ്യ സര്‍വീസ്,കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകരുത്:മുഖ്യമന്ത്രി
തിരുവനന്തപുരം : പത്രവിതരണം അവശ്യ സര്‍വീസാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചില റസിഡന്റ് അസോസിയേഷനുകൾ പത്രവിതരണം വിലക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അത് അവസാനിപ്പിക്കണം. പത്ര വിതരണം അവശ്യ സാധനങ്ങളുടെ പട്ടികയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.അവശ്യസേവനങ്ങള്‍ തടയരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്ക് ഡൌണില്‍ കുടുങ്ങിപ്പോയര്‍ക്ക് സഹായത്തിനായി രൂപപ്പെടുത്തിയ കമ്മ്യൂണിറ്റി കിച്ചണുകള്‍ ആള്‍ക്കൂട്ടമാകുന്ന സാഹചര്യങ്ങള്‍ ഉണ്ട്. പല ആളുകളും അവിടെ പടമെടുക്കാന്‍ വേണ്ടി അവിടെ പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കമ്യൂണിറ്റി കിച്ചണുകളില്‍ പ്രവര്‍ത്തിക്കാത്തവര്‍ കിച്ചണില്‍ കയറരുത്. സംസ്ഥാനത്ത് 1059 കമ്യൂണിറ്റി കിച്ചൺ തുടങ്ങി. 934 പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് കിച്ചൺറെ പ്രവര്‍ത്തനം. 52000ത്തിലേറെ പേർക്ക് ഇതിനോടകം ഭക്ഷണം നൽകിയിട്ടുണ്ട്. അർഹതയും ആവശ്യവും ഉളളവർക്കേ ഭക്ഷണം വിതരണം ചെയ്യാവൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന് ദുഃഖകരമായ ദിനമാണ് ഇന്നെന്ന് കൊച്ചിയിലെ കൊറോണബാധിതന്റെ മരണത്തെ കുറിച്ച് പരാമർശിക്കവേ അദ്ദേഹം പറഞ്ഞു. ശനിയാഴ്ച രാവിലെയാണ് മട്ടാഞ്ചേരി സ്വദേശിയായ 69കാരൻ മരിച്ചത്. കേരളത്തിലെ ആദ്യ കോവിഡ് മരണമാണിത്.
സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ രണ്ടുപേർക്കും കൊല്ലം, പാലക്കാട്, മലപ്പുറം, കാസർകോട് എന്നീ ജില്ലകളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.