കൊറോണ സ്ഥിതീകരിച്ച കൊല്ലം സ്വദേശിയുടെ സമ്പർക്ക ലിസ്റ്റ് അപൂർണ്ണം
കൊല്ലം : കോവിഡ് 19 സ്ഥിരീകരിച്ച കൊല്ലം പ്രാക്കുളം സ്വദേശി സഞ്ചരിച്ച കെ.എസ്.ആർ.ടി.സി. ബസ്, ഓട്ടോകൾ, ഇവയിൽ ഇയാളോടൊപ്പം യാത്ര ചെയ്തിരുന്നവർ എന്നീ വിവരങ്ങളൊന്നും ഇതുവരെ ലഭ്യമാകാത്തതിൽ ആശങ്ക തുടരുന്നു. ഈ വിവരങ്ങൾ കൂടി ലഭിച്ചാൽ മാത്രമേ സുരക്ഷാ നടപടികൾ പൂർണമായും പൂർത്തിയാവുകയുള്ളൂ.
രോഗി മാർച്ച് 18-ന് രാവിലെ 4.45 ന് തമ്പാനൂരിൽനിന്നു പുറപ്പെട്ട് കൊല്ലത്തെത്തിയ കെ.എസ്.ആർ.ടി.സി. ബസ്, ഈ ബസിന്റെ ഡ്രൈവർ, കണ്ടക്ടർ, സഹയാത്രികർ, കൊല്ലം വേളാങ്കണ്ണി പള്ളിക്ക് സമീപം രാവിലെ 6.30 ന് ബസ് ഇറങ്ങിയ ശേഷം യാത്ര ചെയ്ത ഓട്ടോ, ഈ ഓട്ടോയുടെ ഡ്രൈവർ, ഡ്രൈവർ ഇടപെട്ട ആളുകൾ, 19-ന് രാവിലെ 8.45-ന് ദേവി ക്ലിനിക്കിലേക്കും 11.20-ന് തിരികെയും യാത്ര ചെയ്ത ഓട്ടോ എന്നിവയെ സംബന്ധിച്ച വിവരങ്ങളാണ് ഇനിയും ലഭിക്കാനുള്ളത്.
അതേസമയം, ഇയാൾ എത്തിയ ഇ കെ 522 എമറൈറ്റ്‌സ് ഫ്‌ലൈറ്റിലെ സഹയാത്രികരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ തിരുവനന്തപുരം ഡി എം ഒയ്ക്ക് നിര്‍ദേശം നല്‍കി. ഇയാളുമായി ബന്ധപ്പെട്ട ഹൈറിസ്‌ക് കോണ്‍ടാക്റ്റില്‍ ഉള്ളവരുടെ സാമ്പിളുകള്‍ ശേഖരിച്ചു. സഹയാത്രികരായ കൊല്ലം ജില്ലക്കാരുടെ സാമ്പിളുകള്‍ ശേഖരിച്ചത് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലുമായാണ്. സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പി.എച്ച്.സി. തൃക്കരുവയിലേക്ക് രോഗിയെ കൊണ്ടുപോയ ആംബുലൻസ് ഫയർഫോഴ്സിന്റെ സഹായത്തോടെ അണുവിമുക്തമാക്കിയിട്ടുണ്ട്. ഇതുകൂടാതെ രോഗിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ പ്രവർത്തകരും നിരീക്ഷണത്തിൽ പ്രവേശിച്ചു.
ഫീൽഡ് പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും ഇതിനായി ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ച് പാരിപ്പള്ളി ഗവ. മെഡിക്കൽ കോളജ്, മീയണ്ണൂർ അസീസിയ മെഡിക്കൽ കോളജ്, ട്രാവൻകൂർ മെഡിക്കൽ കോളജ് എന്നീ സ്ഥാപനങ്ങളിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗങ്ങൾ നേതൃത്വം നൽകുമെന്നും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
അതേസമയം, കോവിഡ് പോസിറ്റീവ് ആയ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആസ്പത്രി അധികൃതർ അറിയിച്ചു. ഇയാൾ ചികിത്സ തേടിയ എല്ലാ ആശുപത്രികളിലും ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന പ്രോട്ടോകോൾ പ്രകാരമുള്ള തുടർ നടപടികൾ സ്വീകരിച്ചതായും ആരോഗ്യപ്രവർത്തകർ പറഞ്ഞു. രോഗിയുമായി ബന്ധപ്പെട്ട എല്ലാ ആരോഗ്യ പ്രവര്‍ത്തകരെയും നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആശുപത്രിയും പൂര്‍ണമായും അണുവിമുക്തമാക്കി. പകരം ജീവനക്കാരെ നിയോഗിച്ച് പി എച്ച് സി പ്രവര്‍ത്തനക്ഷമമാക്കി. ചിന്നക്കട ദേവി ക്ലിനിക്ക് അടയ്ക്കുകയും ക്ലിനിക്കിൽ രോഗിയുമായി സമ്പർക്കം പുലർത്തിയ എല്ലാ ജീവനക്കാരെയും ഗൃഹനിരീക്ഷണത്തിൽ പ്രവേശിപ്പിക്കുകയും ചെയ്ട്ടുണ്ട്. ക്ലിനിക്കിൽ നിന്നുള്ള റിപ്പോർട്ടുകൾ ഇനിമുതൽ ഓൺലൈൻ വഴി ലഭ്യമാക്കുന്നതിന് വേണ്ട നടപടി സ്വീകരിച്ചതായി ദേവി ക്ലിനിക് അധികൃതർ അറിയിച്ചു.
കോവിഡ് 19 സ്ഥിരീകരിച്ച രോഗി ചെക്കപ്പിനായി പോയ പി.എൻ.എൻ. ആസ്പത്രിയും അടച്ച് പൂട്ടി. അന്നേ ദിവസം ആസ്പത്രിയിൽ ഉണ്ടായിരുന്ന എല്ലാ സ്റ്റാഫിനെയും ഗൃഹനിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് സംവിധാനം ഉപയോഗിച്ചാണ് ഈ ആസ്പത്രിയും അണുവിമുക്തമാക്കിയത്. ജീവനക്കാരുടെ ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കിയ ശേഷമേ ആശുപത്രി തുറന്ന് പ്രവർത്തിക്കുയുള്ളൂ എന്ന് ആസ്പത്രി അധികൃതർ അറിയിച്ചു. ഇവിടെയും ഹോസ്പിറ്റൽ കണ്ടെയ്ൻമെന്റ് പ്രൊസീജ്വർ അനുസരിച്ച് അണുനശീകരണം നടത്തിയതിന് ശേഷമേ ആസ്പത്രി വീണ്ടും തുറക്കുകയുള്ളൂ.
ദേവി ക്ലിനിക്കിലും പി.എൻ.എൻ. ആസ്പത്രിയിലും ഉണ്ടായിരുന്ന മുഴുവൻ രോഗികളെയും മറ്റ് ആസ്പത്രികളിലേക്ക് മാറ്റിയതായി അതാത് ആസ്പത്രി അധികൃതർ അറിയിച്ചു. ഇവരെ പ്രത്യേകം മുറികളിൽ സർക്കാർ മാർഗനിർദേശം അനുസരിച്ച് പരിചരിക്കും. അതേസമയം, രോഗി തൃക്കരുവ പി.എച്ച്.സി.യിലേക്ക് സഞ്ചരിച്ച ഓട്ടോ ഏതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ ഓട്ടോയുടെ ഡ്രൈവറോടും കുടുംബാംഗങ്ങളോടും ഗൃഹനരീക്ഷണത്തിൽ പ്രവേശിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
രോഗം സ്ഥിരീകരിച്ചയാൾ ദേവി ക്ലിനിക്കിൽ പോയതിന് ശേഷം തിരികെ വരുമ്പോൾ ചായകുടിച്ച ആലപ്പാട് ഹോട്ടൽ അടച്ചിരിക്കുകയാണ്. പോലീസ് സഹയത്തോടെ ഉടമയെയും ആ സമയത്ത് അവിടെ ഉണ്ടായിരുന്ന മുഴുവൻ ആളുകളെയും കണ്ടെത്തി ഗൃഹനിരീക്ഷണത്തിൽ വച്ചിരിക്കുകയാണ്.