കേരളത്തില്‍ കോവിഡ് ബാധിച്ച് ഒരു മരണം കൂടി
തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് 19 വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലുണ്ടായിരുന്ന പോത്തന്‍കോട് സ്വദേശി അബ്ദുല്‍ അസീസ്(68) ആണ് മരിച്ചത്. അബ്ദുല്‍ അസീസിന്റെ ആരോഗ്യ നില ഗുരുതരമാണെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ കോവിഡ് ബാധിച്ചു കേരളത്തിൽ മരിച്ചവരുടെ എണ്ണം 2 ആയി.
ഇന്നലെ അര്‍ധരാത്രിയോടെയാണ് മരണം സംഭവിച്ചത്. ഈ മാസം 23 മുതൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ശ്വാസകോശ, വൃക്ക സംബന്ധമായ രോഗങ്ങളുണ്ടായിരുന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോൾ തന്നെ ഇയാളുടെ നില ഗുരുതരമായിരുന്നു. കഴിഞ്ഞ 5 ദിവസമായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ചികിൽസയിലായിരിക്കെ ഇദ്ദേഹത്തിന് കിഡ്നി സംബന്ധമായ പ്രശ്നങ്ങളും ഉണ്ടാകുകയും തുടർന്ന് വൃക്കകളുടെ പ്രവർത്തനം പൂർണ്ണമായും തകരാറിലായതിനാൽ ഡയാലിസിസ് തുടങ്ങിയിരുന്നു.
എന്നാല്‍, ഇയാള്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്നത് സംബന്ധിച്ച് ആരോഗ്യവകുപ്പിനും വ്യക്തതയില്ല. സെക്കൻഡറി കോൺടാക്ടിൽ നിന്നാണ് ഇദ്ദേഹത്തിന് രോഗം വന്നത് എന്നാണ് വിലയിരുത്തൽ. വേങ്ങോടുള്ള പ്രഥമിക ആരോഗ്യകേന്ദ്രത്തിൽ ജലദോഷം ബാധിച്ചാണ് ആദ്യം എത്തിയത്. തുടർന്ന് വെഞ്ഞാറമൂട് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയെത്തി. അവിടെവെച്ച് കൊറോണ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽക്കോളേജിലേക്ക് മാറ്റുകയായിരുന്നു.