News
യുഎഇയില്‍ ജൂണ്‍ വരെ സ്കൂള്‍ പഠനം വീട്ടിലിരുന്ന്
ദുബായ് : യുഎഇയില്‍ ജൂണ്‍ മാസം വരെ സ്കൂള്‍ പഠനം വീട്ടിലിരുന്ന് മതിയെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇ ലേണിംഗ് തുടരാനുള്ള ഉത്തരവ് രാജ്യത്തെ എല്ലാ
സ്കൂളുകള്‍ക്കും സര്‍വകലാശാലകള്‍ക്കും കൈമാറിയിട്ടുണ്ട്. പ്രാദേശിക, വിദേശ സിലബസ് പിന്തുടരുന്ന സ്കൂളുകൾക്കും ഇത് ബാധകമാണ്. ഇതിനിടയിൽ പരീക്ഷ നടത്താൻ മാത്രമാണ് അനുമതി. കൊറോണ
പ്രതിരോധത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്ത് കോവിഡ് റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് മാർച്ച് 8 മുതലാണ് സ്കൂളുകൾക്ക് അവധി നൽകിയത്. തുടർന്ന് മാർച്ച് 22 മുതൽ ഇ–ലേണിങ് പഠനം തുടരാൻ നിർദേശം നൽകിയിരുന്നു. ഇതിനായി 25,000 അധ്യാപകർ പരിശീലനവും പൂർത്തിയാക്കി.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ യുഎഇയിൽ മധ്യ വേനലവധി കാലമാണ്. സ്ഥിതിഗതികൾ ശാന്തമായാൽ ഈ കാലയളവിൽ ക്ലാസ് അനുവദിയ്ക്കുമോ എന്ന കാര്യം വ്യക്തമല്ല. അവധിക്കുശേഷം സെപ്റ്റംബറിലാണ് സ്കൂളുകൾ തുറന്നു പ്രവർത്തിക്കുക.
യുഎഇയിലെ ഇന്ത്യൻ സ്കൂളുകളിലെ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഇ–ലേണിങ് ആരംഭിച്ചു. 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്ക് സൂം സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കെജി മുതൽ 8–ാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് ഗൂഗിൾ ക്ലാസ് വഴിയുമാണ് വെർച്വൽ ക്ലാസ് നൽകുന്നത്.കെജി മുതൽ 8 വരെയള്ള കുട്ടികൾക്ക് ഏപ്രിൽ 13നായിരിക്കും ഇ–ലേണിങ് തുടങ്ങുക.