News
മധുരയിൽനിന്ന് റെയിൽപ്പാളത്തിലൂടെ നടന്നുവന്നയാളെ ആർപിഎഫ് പിടികൂടി
തിരുവനന്തപുരം : മധുരയിൽനിന്ന് റെയിൽപ്പാളത്തിലൂടെ നടന്നുവന്നയാളെ റെയിൽവേ സംരക്ഷണസേന പിടികൂടി. എരുമേലി കനകപാളയം കുന്നിൽ ഹൗസിൽ പ്രസാദി(68)നെയാണ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനു സമീപംവച്ച് പിടികൂടി ആരോഗ്യവകുപ്പിനു കൈമാറിയത്.
രാമേശ്വരം ക്ഷേത്രത്തിൽനിന്നും മടങ്ങിവരുമ്പോഴായിരുന്നു പ്രസാദിനെ പിടികൂടിയത്. തിരുവനന്തപുരത്തുനിന്നു കോട്ടയം ഭാഗത്തേക്കു നടന്ന് തുടങ്ങിയപ്പോഴാണ് സ്റ്റേഷൻ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് ആരോഗ്യ വകുപ്പിനെ വിവരമറിയിച്ചു. ഇയാൾ ഇപ്പോൾ നിരീക്ഷണത്തിലാണ്.
14ന് മാനാമധുരയിൽനിന്നാണ് റെയിൽവേ ട്രാക്കിൽ കയറിതെന്ന് ഇയാൾ പോലീസിനോടു പറഞ്ഞു. അന്നുമുതൽ ട്രാക്കിലൂടെയായിരുന്നു യാത്ര. രാത്രിയിൽ സമീപത്തുള്ള ക്ഷേത്രങ്ങളിലും മറ്റും തങ്ങി. പാളത്തിനരികിലെ വീടുകളിൽനിന്നു ലഭിച്ച ഭക്ഷണം കഴിച്ചു. ഇയാൾ തുടർച്ചയായി ക്ഷേത്രങ്ങൾ സന്ദർശിക്കാറുണ്ടെന്നും പോലീസിനോട് പറഞ്ഞു.