Top Stories
സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് (വ്യാഴാഴ്ച) 12 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കണ്ണൂരിൽ 4 പേർക്കും കാസർകോട് 4 പേർക്കും, മലപ്പുറത്ത് 2 പേർക്കും, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 11 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം പകർന്നത്. ഒരാൾ വിദേശത്ത് നിന്നും എത്തിയതാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച് 100 ദിവസം പിന്നിട്ടു. കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയിലായ 8 വിദേശികൾ ഇന്ന് കോവിഡ് രോഗം മാറി ആശുപത്രി വിട്ടു. 83 ഉം 76 ഉം വയസ്സുള്ളവരൊക്കെ ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലും 7 പേർ എറണാകുളം മെഡിക്കൽ കോളേജിലുമാണ് ചികിത്സയിലിരുന്നത്.
സംസ്ഥാനത്ത് ഇതുവരെ 353 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 258 പേർ വിവിധ ആശുപത്രിയിൽ ചികിത്സയിലുണ്ട്. ഇന്ന് മാത്രം153 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 13 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയിട്ടുണ്ട്. 1,36,195 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലുണ്ട്. 1,35,472 പേർ വീടുകളിലും 723 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. പരിശോധനയ്ക്കയച്ചതിൽ 11,469 സാമ്പിളുകൾ ഇന്ന് നെഗറ്റീവ് ആയി.
സംസ്ഥാനത്ത് ചികിത്സയിലുള്ളവരിൽ 69 വയസിന് മുകളിലുള്ളവർ 7.5 ശതമാനവും 20 ന് താഴെയുള്ളവർ 6.9 ശതമാനവുമാണ്. പരിശോധനാ സംവിധാനങ്ങൾ വർധിപ്പിക്കും. നാല് ദിവസം കൊണ്ട് പുതിയ നാല് ലാബ് സജ്ജീകരിക്കും. പതിനാല് ജില്ലക്കും ലാബ് സൗകര്യം ഉണ്ടാക്കും.