സാമ്പത്തിക പ്രതിസന്ധിയും പ്രവാസികളുടെ പ്രശ്നങ്ങളും പ്രധാനമന്ത്രിയെ അറിയിച്ചു
തിരുവനന്തപുരം : കൊറോണ ബാധയെ തുടർന്ന് സംസ്ഥാനത്തുണ്ടായ പ്രതിസന്ധിയെ കുറിച്ച് പ്രധാനമന്ത്രിയെ കത്തിലൂടെ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളും പ്രയാസങ്ങൾ നേരിടുന്നുണ്ട്. വരുമാനം നിലച്ചു, പൊതുജനാരോഗ്യത്തിനുള്ള ചെലവ് വർധിച്ചു, ഈ ഘട്ടത്തിൽ ഓപ്പൺ മാർക്കറ്റിൽ നിന്നും വായ്പ എടുത്ത് മാത്രമേ ഇനി സംസ്ഥാനത്തിന് മുന്നോട്ട് പോവാനാവൂ എന്ന നിലയാണുള്ളത്.
സംസ്ഥാനങ്ങൾ സ്പെഷ്യൽ പാൻഡമിക് റിലീഫ് ബോണ്ട് വെയ്ക്കാനുള്ള അനുവാദം നൽകുക. സംസ്ഥാനത്തിന്റെ വായ്പ പരിധി 5 ശതമാനമായി ഉയർത്തുക, പകർച്ചവ്യാധി പ്രതിരോധത്തിനും പുൻനിർമാണത്തിനും പുറത്തുനിന്നുള്ള ഏജൻസികളിൽ നിന്നും വാങ്ങുന്ന വായ്പയെ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ നിന്നും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ കത്തിൽ ഉന്നയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.
യുഎഇയിലുള്ള പ്രവാസികളുടെ പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇയിലുള്ള 2.8 ദശലക്ഷം ഇന്ത്യൻ പ്രവാസികളിൽ ഒരു ദശലക്ഷത്തിലധികം പേർ കേരളീയരാണ്. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ സംബന്ധിച്ച് നോർക്ക വിവിധ എംബസികൾക്ക് കത്തയച്ചു. യുഎഇ സ്കൂളുകളിലെ ഫീസ് താല്കാലികമായി ഒഴിവാക്കണം എന്ന കാര്യത്തിലും പാസ്പോർട്ട് പുതുക്കുന്ന കാര്യത്തിലും ഇടപെട്ടിട്ടുണ്ട് എന്ന് ഇന്ത്യൻ അംബാസിഡർ പവൻ കപൂർ അറിയിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഇടപെടുന്നുണ്ടെന്ന് കുവൈറ്റിലെ ഇന്ത്യൻ അംബാസിഡർ കെ. ജീവസാഗറും അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.