Top Stories
വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ
ഡൽഹി : കോവിഡ് പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യാക്കാരെ തത്കാലം തിരിച്ചെത്തിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ അറിയിച്ചു. യാത്രാവിലക്ക് നീക്കി സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ദുർബലപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രവാസികളെ തൽക്കാലം തിരിച്ചുകൊണ്ടുവരേണ്ടതില്ലെന്ന് കോടതി നിലപാടെടുക്കുകയും ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരെ ഇന്ത്യയിൽ തിരിച്ചെത്തിക്കണമെന്ന ഹർജികളിൽ വാദം കേൾക്കുകയായിരുന്നു സുപ്രീംകോടതി.
ഇപ്പോൾ യാത്ര അനുവദിച്ചാൽ അത് സർക്കാർ നടപ്പാക്കുന്ന യാത്രാവിലക്കിന് എതിരാകുമെന്നും കൊണ്ടുവരാനാകില്ലെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്. കേസ് നാല് ആഴ്ചക്ക് ശേഷം പരിഗണിക്കാമെന്നും, കേന്ദ്രത്തിനോട് നാലാഴ്ചക്കകം സ്ഥിതി എന്താണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
ഏഴ് ഹർജികളാണ് സുപ്രീം കോടതി ഇന്ന് പരിഗണിച്ചത്. ഇറാനിൽ കുടുങ്ങിയ മത്സ്യ തൊഴിലാളിയുടെ ഭാര്യ നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ആദ്യം വാദം തുടങ്ങിയത്. ഇറാനിൽ 6000 മത്സ്യ തൊഴിലാളികൾ കുടുങ്ങിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറുപടി നൽകി. ഈ കേസിൽ മറുപടി സത്യവാങ്മൂലം നൽകാൻ അനുമതി വേണമെന്ന് തുഷാർമേത്ത കോടതിയോട് ആവശ്യപ്പെട്ടു.
യുകെയിൽ കുടുങ്ങിയ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജിയും കോടതി പരിഗണിച്ചു. ഇതിന് കേന്ദ്രസർക്കാർ ഇടപെടുന്നുണ്ടെന്നും യുകെയിൽ ഇന്ത്യക്കാർ സുരക്ഷിതരാണെന്നും കേന്ദ്രസർക്കാർ മറുപടി നൽകി. സുരക്ഷിതരാണെങ്കിൽ പിന്നെ എന്തിനാണ് വരുന്നതെന്ന് ജസ്റ്റിസ് നാഗേശ്വർ റാവു ചോദിച്ചു.സുരക്ഷിതരാണെങ്കിൽ എവിടെയാണോ ഉള്ളത്, അവിടെ തുടരണമെന്ന് കോടതി പറഞ്ഞു.