വിഷുക്കണി ദർശനത്തിനായി ശബരിമല നട തുറന്നു
ശബരിമല : ഭക്തജന സാന്നിധ്യമില്ലാതെ വിഷുക്കണി ദർശനത്തിനും മേടമാസ പൂജകൾക്കുമായി ശബരിമല നട തുറന്നു. വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ. സുധീർ നമ്പൂതിരി നട തുറന്ന് നെയ്തിരി തെളിയിച്ചു.
അത്താഴ പൂജയ്ക്ക് ശേഷം മേൽശാന്തി ശ്രീകോവിലിൽ വിഷുക്കണിയൊരുക്കും. എല്ലാവർഷവും കണിയൊരുക്കാനുള്ള കൊന്നപ്പൂവും കാർഷിക വിഭവങ്ങളും ഭക്തരായിരുന്നു എത്തിച്ചിരുന്നത്. ഇത്തവണ ദേവസ്വം ബോർഡ് പ്രത്യേകമായി ഇവയെല്ലാം വരുത്തി. ചൊവ്വാഴ്ച പുലർച്ചെ അഞ്ചിന് നടതുറന്ന് നെയ്ത്തിരി തെളിച്ച് ഭഗവാനെ വിഷുക്കണി കാണിക്കും. തുടർന്ന് സന്നിധാനത്തുള്ള ജീവനക്കാരുൾപ്പടെ കണി കണ്ടതിനു ശേഷം തന്ത്രി ഇവർക്കെല്ലാം വിഷുക്കെനീട്ടം നൽകും. മാളികപ്പുറത്തും ഇതേ രീതിയിൽ ചടങ്ങുകൾ നടക്കും. ചടങ്ങുകൾ അൽപ്പ നേരം മാത്രമേ ഉണ്ടാകുകയുള്ളൂ. കണിയെടുത്തതിന് ശേഷം ഭഗവാന് അഭിഷേകം നടക്കും. തുടർന്ന് പതിവ് പൂജകളും നടക്കും.