ലോക്ക് ഡൌൺ: സ്വകാര്യ വാഹനങ്ങൾക്കും സിറ്റി ബസുകൾക്കും അനുമതി
തിരുവനന്തപുരം : ലോക്ക്ഡൌൺ കാലയളവിലെ യാത്രാ ഇളവുകളും, സർക്കാർ ഓഫീസുകളിലെ പ്രവർത്തന മാനദണ്ഡങ്ങളും സർക്കാർ പ്രഖ്യാപിച്ചു. റെഡ് സോൺ ഒഴിച്ചുള്ള എല്ലാ മേഖലകളിലും സ്വകാര്യ വാഹനങ്ങളും, പൊതു ഗതാഗതവും നിയന്ത്രണങ്ങളോടെ ഉപയോഗിയ്ക്കാം.
ഓറഞ്ച് എ മേഖലയിൽ 24-നു ശേഷവും ഓറഞ്ച് ബി മേഖലയിൽ 20-നു ശേഷവും സ്വകാര്യ വാഹനങ്ങൾക്ക് അനുമതിയുണ്ടാകും.
ഒറ്റ അക്ക നമ്പറുകൾ ഉള്ള വാഹനങ്ങൾക്ക് തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ പുറത്തിറങ്ങാം. ഇരട്ട അക്ക നമ്പർ വാഹനങ്ങൾക്ക് വ്യാഴം, ശനി ദിവസങ്ങളിൽ അനുമതി കിട്ടും.
നാല് ചക്ര വാഹനങ്ങളിൽ ഡ്രൈവർ അടക്കം മൂന്നു പേർ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ. ഇരു ചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം. കുടുംബാംഗമാണെങ്കിൽ രണ്ട് പേർക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് എല്ലാം മാസ്‌ക് നിർബന്ധമാണ്.
അടിയന്തര സേവന വിഭാഗത്തിലെ വാഹനങ്ങളെയും വനിതാ ഡ്രൈവര്‍മാര്‍ ഓടിക്കുന്ന വാഹനങ്ങളെയും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി.
ജില്ലക്കകത്ത് 50- 60കി.മീ. പരിധിയിൽ ഹ്രസ്വദൂര ബസ് യാത്ര അനുവദിയ്ക്കും. നില്‍ക്കുന്ന യാത്രക്കാര്‍ പാടില്ല. എല്ലാവരും മാസ്ക് ധരിയ്ക്കണം. മൂന്ന് സീറ്റ് നിരയില്‍ മദ്ധ്യത്തിലെ സീറ്റും രണ്ട് സീറ്റ് നിരയില്‍ ഒരു സീറ്റും ഒഴിച്ചിടണം.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തിങ്കൾ മുതൽ വെള്ളിവരെ പ്രവര്‍ത്തിക്കും. ഓഫീസിലേക്ക് കയറുമ്പോള്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍ബന്ധം.
ആരോഗ്യം, പൊലീസ്, ഹോംഗാര്‍ഡ്, സിവില്‍ഡിഫന്‍സ്, ഫയര്‍ഫോഴ്സ്, ദുരന്തനിവാരണം, ജയില്‍, ലീഗല്‍ മെട്രോളജി, നഗരസഭ, പഞ്ചായത്ത് എന്നീ ഓഫീസുകള്‍ പൂര്‍ണതോതില്‍ പ്രവർത്തിയ്ക്കും.
മറ്റ് സര്‍ക്കാരോഫീസുകള്‍ അത്യാവശ്യ ജീവനക്കാരെ വച്ച്. ക്ലാസ് 1, 2 വിഭാഗം ജീവനക്കാര്‍ ഹാജരാകണം. ഗ്രൂപ്പ് 3, 4 വിഭാഗത്തില്‍ 33 ശതമാനം പേരെത്തണം.
ജില്ലാ ഭരണകൂടം, ട്രഷറി എന്നിവിടങ്ങളില്‍ അത്യാവശ്യം ജീവനക്കാര്‍. സഹകരണ സൊസൈറ്റികളില്‍ 33 ശതമാനം പേര്‍. പഞ്ചായത്ത്, വില്ലേജോഫീസുകളില്‍ 35 ശതമാനം പേരും ഹാജരായാൽ മതി.