രാജ്യത്തെ 47 ജില്ലകളിൽ കോവിഡ് ഭീഷണിയില്ല
ന്യൂഡൽഹി: രാജ്യത്തെ 45 ജില്ലകളിൽ 14 ദിവസത്തിനിടെ പുതുതായി ഒരു കോവിഡ് കേസുപോലും റിപ്പോർട്ട് ചെയ്തിട്ടില്ലന്ന് കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം ജോയിൻ സെക്രട്ടറി ലവ് അഗർവാൾ. പുതുച്ചേരിയിലെ മാഹി, കർണാടകയിലെ കൊടക് എന്നിവിടങ്ങളിൽ കഴിഞ്ഞ 28 ദിവസത്തിനിടെ ഒരു കൊവിഡ് 19 പോസിറ്റീവ് കേസുകൾ പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 23 സംസ്ഥാനങ്ങളിലെ 47 ജില്ലകളിൽ നിലവിൽ ആശാവഹമായ സ്ഥിതിയാണുള്ളത്.
രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 14,378 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 43 മരണം സംഭവിച്ചു. ഇതോടെ ആകെ മരണസംഖ്യ 480 ആയി. ഇതിനോടകം 1,992 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ രോഗമുക്തി നേടിയവർ ഏകദേശം 13.85 ശതമാനമാണ്.
രാജ്യത്തെ ആകെ കോവിഡ് ബാധിതരിൽ 4,291 പേർക്ക്(29.8%)നിസാമുദ്ദീൻ മർക്കസുമായി ബന്ധമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ഉൾപ്പെടെ 23 ഇടത്ത് നിസാമുദ്ദിനിൽനിന്നു വന്നവരിൽ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ 84% കേസുകളും ഡൽഹിയിലെ 63% കേസുകളും തെലങ്കാനയിലെ 79% കേസുകളും ഉത്തർ പ്രദേശിലെ 59% കേസുകളും ആന്ധ്രാപ്രദേശിലെ 61% കേസുകളും നിസാമുദ്ദീൻ സമ്മേളനവുമായി ബന്ധപ്പെട്ടതാണെന്നും ലവ് അഗർവാൾ വ്യക്തമാക്കി.
രാജ്യത്ത് കോവിഡ്-19 മരണനിരക്ക് ഏകദേശം 3.3 ശതമാനമണ്. കോവിഡ്-19 ബാധിച്ച 0-45 വയസ്സിനിടയിലുള്ള 14.4% പേർക്കാണ് ഇതിനകം ജീവൻ നഷ്ടമായത്. 45-60 വയസ്സിനിടെയുള്ള 10.3% പേർക്കും 60-75 വയസ്സിനിടെയുള്ള 33.1% ആളുകൾക്കും ജീവൻ നഷ്ടമായി. 75 വയസ്സിനു മുകളിൽ പ്രായമുള്ളവരിൽ 42.2% പേർക്കും ജീവൻ നഷ്ടമായതായി ലവ് അഗർവാൾ വ്യക്തമാക്കി.