സംസ്ഥാനത്ത് ഇന്ന് 6 പേർക്കു കൂടി കോവിഡ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 6 പേർക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു. കണ്ണൂർ സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 5 പേർ വിദേശത്ത് നിന്നെത്തിയവരാണ്. ഒരാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിതീകരിച്ചവരുടെ എണ്ണം 408 ആയി.
21 പേർ കൂടി സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. ഇതിൽ 19 പേരും കാസർകോട് സ്വദേശികളാണ്. 2 പേർ ആലപ്പുഴ സ്വദേശികളും. ഇതോടെ 301 പേരാണ് സംസ്ഥാനത്ത് ഇതുവരെ കോവിഡിൽ നിന്നും രോഗമുക്തി നേടിയത്.
114 പേരാണ് നിലവിൽ സംസ്ഥാനത്തെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇന്ന് 72 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 46,323 പേരാണ് സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരീക്ഷണത്തിലുള്ളത്. ഇവരിൽ 45,925 പേർ വീടുകളിലും 398 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇതുവരെ 19,756 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഇതിൽ ലഭ്യമായ 19,074 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. ആശുപത്രിയിൽ ക്വാറന്റൈനിലുള്ള മുഴുവൻ പേരെയും പരിശോധിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും രണ്ടുമൂന്നുദിവസം കൊണ്ട് ഇത് പൂർത്തിയാക്കാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.