Top Stories
രാജ്യത്തിന്റെ ചിന്താധാരയിൽത്തന്നെ മാറ്റം വന്നിരിയ്ക്കുന്നു; എല്ലാവരും പരസ്പരം സഹകരിയ്ക്കുന്നു
ന്യൂഡൽഹി : രാജ്യം കൊറോണ മഹാമാരിക്കെതിരായ പോരാട്ടത്തിലാണ്. ജനങ്ങളാണ് ഈ പോരാട്ടം നയിക്കുന്നത് ജനം നയിക്കുന്ന പോരാട്ടം വിജയം കാണുമെന്ന് ഉറപ്പാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാവരും തങ്ങളാൽ കഴിയും വിധം പോരാട്ടത്തിൽ പങ്കാളികളാവുന്നു. എല്ലാവരും പരസ്പരം സഹായിക്കുന്നു. ഓരോ പൗരനും ഈ യുദ്ധത്തിലെ പടയാളിയാണെന്നും ജനങ്ങളുടെ പോരാട്ട വീര്യത്തിനുമുന്നിൽ നമിക്കുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. തന്റെ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് മോദി ഇക്കാര്യം പറഞ്ഞത്.
കൊവിഡിനെതിരായ പോരാട്ടത്തിൽ കേന്ദ്രസർക്കാരും സംസ്ഥാന സർക്കാരുകളും ഐക്യത്തോടെ മുന്നോട്ടുപോവുകയാണ്. ഈ റമദാൻ മാസത്തിലും എല്ലാ കൊവിഡ് പ്രതിരോധ മാർഗനിർദേശങ്ങളും പാലിക്കാൻ ജനങ്ങളെല്ലാവരും ശ്രദ്ധിക്കണം. ഈ റമദാൻ കാലം തീരും മുൻപ് ലോകം കൊവിഡിൽ നിന്നും മുക്തി നേടും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും മോദി പറഞ്ഞു.
രാജ്യത്തിന്റെ ചിന്താധാരയിൽത്തന്നെ മാറ്റം വന്നിരിയ്ക്കുന്നു. ഈ മഹാമാരിയുടെ കാലത്തും രാജ്യത്ത് ഒരാൾപോലും പട്ടിണികിടക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് രാജ്യത്തെ കർഷകർ. ഈ പ്രതിസന്ധി കാലത്തും രാജ്യത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിൽ കർഷകർ വലിയ സംഭാവന വഹിച്ചു.
മറ്റുള്ളവരുടെ സേവനം എത്ര വലുതെന്ന് ജനങ്ങൾ മനസ്സിലാക്കുന്നു. എല്ലാവരും പരസ്പരം സഹകരിയ്ക്കുന്നു.
ചിലർ വീട്ടുവാടക ഒഴിവാക്കി നൽകുമ്പോൾ ചില തൊഴിലാളികൾ തങ്ങൾ ക്വാറന്റൈനിൽ കഴിയുന്ന സ്കൂൾ പെയിന്റടിച്ച് വൃത്തിയാക്കി നൽകുന്നു.
കൊവിഡ് നമ്മുടെ ജീവിതശൈലികളിൽ കാര്യമായി മാറ്റം വരുത്തിയിട്ടുണ്ട്. മുഖാവരണം ഇനി ജീവിതശൈലിയുടെ ഭാഗമാക്കണം.പൊതുസ്ഥലങ്ങളിൽ തുപ്പുന്നത് ഒഴിവാക്കണമെന്ന ബോധം എല്ലാവർക്കും അനിവാര്യമായും ഉണ്ടാവണം. കൊവിഡിനെതിരായ ജാഗ്രത എല്ലാവരും തുടരണം. കൊവിഡ് ബാധിക്കില്ലെന്ന് ആരും കരുതരുതെന്നും
പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിലൂടെ ജനങ്ങളോട് പറഞ്ഞു.