Top Stories

ഇടുക്കിയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ

ഇടുക്കി : കോവിഡ് പോസിറ്റീവ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ റെഡ് സോണിലായതോടെ ഇടുക്കി ജില്ലയിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ. അടിയന്തര കാര്യങ്ങൾക്ക് മാത്രമാണ് ഇനി  ജനങ്ങൾക്ക് പുറത്തിറങ്ങാനാവുക. അവശ്യ സാധനൾ വിൽക്കുന്ന കടകൾക്ക് 11 മുതൽ 5 വരെ തുറക്കാം. ചികിത്സക്ക് ഒഴികെയുള്ള ജില്ലക്ക് പുറത്തേക്കുള്ള യാത്രകൾക്ക് വിലക്കുണ്ട്. പുതിയ പതിനാല് കേസുകളിൽ ഭൂരിഭാഗവും ഇതര സംസ്ഥാനത്ത് നിന്ന് വന്നവരായതിനാൽ അതിർത്തികളിലെ പരിശോധനയും വർദ്ധിപ്പിച്ചിട്ടുണ്ട്.

ഇന്നലെ ഇടുക്കിയിൽ കൊവിഡ് സ്ഥിരീകരിച്ച മൂന്നു പേർ  സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഡ്രൈവർമാരെ നിർബന്ധിത നിരീക്ഷണത്തിലാക്കിയ കേന്ദ്രത്തിലെ ശുചീകരണത്തൊഴിലാളിയാണ് മറ്റൊരാൾ. ഇവിടെയുള്ള മുഴുവൻ പേരുടെയും കൊവിഡ് പരിശോധന ഇതുവരെ പൂർത്തിയായിട്ടില്ല. ഇവരിൽ ആരിൽ നിന്നെങ്കിലുമാണ് ശുചീകരണ തൊഴിലാളിയ്ക്ക് രോഗം പകർന്നതെങ്കിൽ വിഷയം ഗുരുതരമാണ്. മുപ്പതിലധികം വരുന്ന ഡ്രൈവർമാരെ ഉടനെ പരിശോധനക്ക് വിധേയരാക്കാനാണ് തീരുമാനം.

ജില്ലയിലെ രോഗവ്യാപനം ആദ്യഘട്ടത്തിൽ ചില ഒറ്റപ്പെട്ട പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നെങ്കിൽ രണ്ടാം ഘട്ടമെത്തിയപ്പോൾ ജില്ലയാകെ പരക്കുന്ന സ്ഥിതിയാണ്. നിലവിൽ ചികിത്സയിലുള്ള 14-പേരിൽ വനിതാ ഡോക്ടറുൾപ്പെടെ നാലുപേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം വന്നത്.

കർശന സുരക്ഷയൊരുക്കിയിട്ടും കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന വനാതിർത്തികൾ താണ്ടി ദിവസവും ഇടുക്കിയിലേക്ക് ആളുകൾ കടക്കുന്നുണ്ട്. തമിഴ്നാട്ടിൽ രോഗം പടർന്നുപിടിക്കുന്ന ജില്ലകളിൽനിന്നുള്ളവരാണ് ഏറെയും. ഇവിടെനിന്നെത്തിയ അഞ്ചുപേർക്ക് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിൽനിന്നു അനധികൃതമായി എത്തിയ 32 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. അതിനാൽ വനാതിർത്തികൾ ഉൾപ്പെടെയുള്ള അതിർത്തികളിൽ സുരക്ഷ കർശനമാക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button