News
മറ്റ് ജില്ലകളിലേക്ക് യാത്ര ചെയ്യാനുള്ള പാസ് ഇന്ന് മുതൽ പോലിസ് സ്റ്റേഷനുകളിൽ നിന്ന്
തിരുവനന്തപുരം : ജില്ലാ അതിർത്തി കടന്നുള്ള യാത്രകൾക്കുള്ള പാസ് ഇന്നു മുതല്‍ അതാത് പൊലീസ് സ്റ്റേഷനുകളില്‍ നിന്ന് ലഭിക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരാകുണ് യാത്രാ പാസ് നല്‍കുക. നേരത്തെ ജില്ലാ കളക്ടര്‍മാര്‍ അനുവദിച്ചിരുന്ന പാസുകളാണ് ഇന്ന് മുതല്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ നല്‍കുക.
പൊലീസിന്റെ വെബ്‌സൈറ്റ്, ഫെയ്‌സ്ബുക്ക് പേജ് എന്നിവയില്‍ ലഭ്യമാക്കിയിട്ടുള്ള പാസിന്റെ മാതൃക പ്രിന്റൗട്ട് എടുത്ത് പൂരിപ്പിച്ച് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്‍കണം. ഇമെയില്‍ വഴിയും അതത് പൊലീസ് സ്റ്റേഷനുകളില്‍ അപേക്ഷ നല്‍കാം. എന്ത് കാര്യത്തിനാണ് യാത്ര ചെയ്യുന്നതെന്ന് വ്യക്തമാക്കണം. കൂടാതെ എങ്ങോട്ടാണ് യാത്രയെന്നും എപ്പോള്‍ മടങ്ങിയെത്തുമെന്നും പൊലീസിനെ അറിയിക്കണം.അനുവാദം ലഭിക്കുന്നവര്‍ നിയന്ത്രണങ്ങൾ പാലിച്ചുവേണം യാത്രചെയ്യേണ്ടത്.
രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ഏഴുമണിവരെയാണ് പാസിന് സാധുത ഉണ്ടാവുക. വളരെ അത്യാവശ്യമുള്ള മെഡിക്കല്‍ ആവശ്യങ്ങള്‍ക്കല്ലാതെ വൈകുന്നേരം ഏഴുമണി മുതല്‍ അടുത്ത ദിവസം രാവിലെ ഏഴുമണി വരെയുള്ള യാത്ര കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. ജില്ലയ്ക്കകത്തുള്ള യാത്രകള്‍ക്ക് പാസ് ആവശ്യമില്ല.