Top Stories
വന്ദേ ഭാരത് മിഷൻ:ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലെത്തും
കൊച്ചി : വന്ദേ ഭാരത് മിഷന്റെ രണ്ടാംഘട്ടത്തിൽ പ്രവാസികളുമായി ഇന്ന് രണ്ട് വിമാനങ്ങൾ കേരളത്തിലെത്തും. ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്കും സൗദിയിലെ റിയാദിൽ നിന്ന് കോഴിക്കോട്ടേക്കുമാണ് എയർഇന്ത്യ എക്സ്പ്രസ് പ്രത്യേക സർവീസ് നടത്തുക. യാത്ര ചെയ്യാൻ അറിയിപ്പ് ലഭിച്ചവർ അഞ്ച് മണിക്കൂർ മുമ്പേ വിമാനത്താവളങ്ങളിലെത്തണം. റാപ്പിഡ് പരിശോധന നടത്തി രോഗമില്ലെന്ന് കണ്ടെത്തുന്നവർക്ക് മാത്രമാണ് യാത്ര ചെയ്യാനാകുക.
വ്യാഴാഴ്ച മുടങ്ങിയ റിയാദ്-കോഴിക്കോട് സർവീസാണ് ഇന്ന് നടക്കുക. 200 ഓളം പ്രവാസികളുമായി റിയാദിൽ നിന്നുള്ള വിമാനം രാത്രി 8.30 നാണ് കോഴിക്കോട്ടെത്തുന്നത്. ബഹ്റൈനിൽ നിന്നുള്ള വിമാനം രാത്രി 10.40 ഓടെ കൊച്ചിയിലെത്തും.
യാത്രക്കാർക്ക് പരിശോധനകൾക്കു ശേഷം ബി.എസ്.എൻ.എൽ. സിംകാർഡ് നൽകും. യാത്രക്കാർ അവരുടെ മൊബൈലുകളിൽ ആരോഗ്യസേതു ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്. യാത്രക്കാരെ കൊണ്ടുപോകാൻ കെ.എസ്.ആർ.ടി.സി. ബസുകൾ ക്രമീകരിച്ചിട്ടുണ്ട്. ജില്ലകളിലേക്ക് ഓരോ ബസിനും 30 പേരടങ്ങുന്ന സംഘമാക്കിയാണു വിടുക. ചില യാത്രക്കാർക്ക് സ്വകാര്യ വാഹനത്തിനുള്ള അനുമതി നൽകിയിട്ടുണ്ട്.